നെടുമ്പാശേരി: മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി.
1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണു മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറി.
ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചി വിമാനത്താവളം വഴി കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഇനിമുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വിമാനത്താവളം വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും.
വിദേശത്തുനിന്നുള്ള സൗന്ദര്യവർധക വസ്തുക്കൾ കപ്പൽ മാർഗമോ കേരളത്തിനു പുറത്തുള്ള മറ്റു വിമാനത്താവളങ്ങൾ മുഖാന്തിരമോ ആണ് ഇതുവരെ എത്തിച്ചിരുന്നത്. കൊച്ചി വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ ഈ സാഹചര്യത്തിനു മാറ്റമുണ്ടാകും.
കഴിഞ്ഞ 25 വർഷമായി വിമാനത്താവളത്തിലെ ഡ്യൂട്ടി-ഫ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൗന്ദര്യവർധക വസ്തുക്കൾ കപ്പൽ മാർഗമാണ് ലഭ്യമാക്കിയിരുന്നത്. ഈ സാഹചര്യമാണ് ഇനി മാറുന്നത്.