
നെടുമ്പാശേരി: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിൽ (സിയാൽ) സെപ്റ്റംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കം കുറിക്കും.
അന്താരാഷ്‌ട്ര ടെർമിനലായ ടി-മൂന്നിന്‍റെ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ-രണ്ടിന്‍റെ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, കൊമേഴ്സ്യൽ സോൺ നിർമാണോദ്ഘാടനം എന്നിവയാണ് പുതിയ പദ്ധതികൾ.
അന്താരാഷ്‌ട്ര വിമാനങ്ങളും യാത്രക്കാരും വർധിക്കുന്നതനുസരിച്ച് സൗകര്യങ്ങളൊരുക്കുന്നതിന് 500 കോടി രൂപയിലധികം മുടക്കിയാണ് ടി-മൂന്ന് വികസിപ്പിക്കുന്നത്. ഇരട്ടി സൗകര്യം ലഭിക്കത്തക്കവിധം പാർക്കിംഗ് ബേ ഇരുവശങ്ങളിലും നിർമിക്കും. 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 50 കോടി രൂപ മുടക്കി ഏപ്രൺ വികസിപ്പിക്കും.
പുതിയ എട്ട് എയ്റോ ബ്രിഡ്ജുകൾ സ്ഥാപിക്കും. നിലവിൽ 15 എയ്റോ ബ്രിഡ്ജുകളാണുള്ളത്. ഫുൾ ബോഡി സ്കാനർ സ്ഥാപിക്കും. കഴിഞ്ഞ എട്ടു മാസത്തിനിടെ ഇവിടെ 562 വിമാനങ്ങൾ വന്നിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷം 1000 വിമാനങ്ങളാണു ബിസിനസ് ടെർമിനലിൽ പ്രതീക്ഷിക്കുന്നത്.