
കൊച്ചി: തിരക്കേറിയ റൂട്ടുകളില് കൂടുതല് സര്വീസുകള് ഏര്പ്പെടുത്താനും പ്രാദേശിക റൂട്ടുകള് തുടങ്ങാനുമുള്ള കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡിന്റെ (സിയാല്) മാര്ക്കറ്റിങ് ശ്രമത്തിന് എയര്ലൈനുകളില്നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് വിമാനസര്വീസുകള് ഇരട്ടിയാകും. ഗള്ഫിലെ പല നഗരങ്ങളിലേയ്ക്കും കൂടുതല് സര്വീസുകള് ഉണ്ടാകും.
ലക്ഷദ്വീപിലെ വിനോദസഞ്ചാര വികസനം ഈയിടെ ഏറെ ശ്രദ്ധയാകര്ഷിച്ചിരുന്നു. നിലവില് ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് കൊച്ചിയില്നിന്ന് മാത്രമാണ് കൊമേഴ്സ്യല് വിമാന സര്വീസുള്ളത്.
അലയന്സ് എയര് ആഴ്ചയില് ഏഴ് സര്വീസ് ഇവിടേയ്ക്ക് നടത്തുന്നുണ്ട്. അത് ഒന്പത് ആകും. കൂടാതെ ഏപ്രില് മുതല് ഇന്ഡിഗോയും അഗത്തിയിലേയ്ക്ക് സര്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവിലേക്ക് നിലവില് പ്രതിവാരം 97 സര്വീസുകളുണ്ട്. ഇന്ഡിഗോയും എയര് ഇന്ത്യ എക്സ്പ്രസ്സും ആകാശ എയറും 14 പ്രതിവാര സര്വീസുകള് അധികമായി നടത്തും. ഇതോടെ കൊച്ചി-ബെംഗളൂരു സെക്ടറില് പ്രതിദിനം ശരാരി 16 വിമാനങ്ങള് സര്വീസ് നടത്തും.
വിമാനങ്ങളുടെ എണ്ണം കൂടുന്നത് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കും. ഹൈദരാബാദിലേയ്ക്ക് 54, ഡല്ഹിയിലേയ്ക്ക് 77, മുംബൈയിലേയ്ക്ക് 80 എന്നിങ്ങനെ പ്രതിവാര സര്വീസുകളുണ്ട്.
എയര് ഇന്ത്യ എകസ്പ്രസ് ഹൈദരാബാദിലേയ്ക്കും എയര് ഇന്ത്യ മുംബൈ, ഡല്ഹി എന്നിവിടങ്ങളിലേയ്ക്കും അധിക സര്വീസുകള് തുടങ്ങുന്നുണ്ട്. അലയന്സ് എയറിന്റെ കണ്ണൂര്, തിരുപ്പതി, മൈസൂര് പ്രാദേശിക സര്വീസുകളും ഉടനെ ആരംഭിക്കും.
അബുദാബി, ദുബായ്, ഷാര്ജ എന്നിവിടങ്ങൾ അടക്കമുള്ള യു.എ.എ. മേഖലയിലേയ്ക്ക് നിലവില് കൊച്ചിയില്നിന്ന് 114 സര്വീസുകളുണ്ട്. അബുദാബിയിലേയ്ക്ക് എത്തിഹാദും എയര് അറേബ്യയും അധിക സര്വീസുകള് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
തായ്ലാന്ഡിലെ ബാങ്കോക്കിലെ ഡോണ് മുവാങ്ങ് വിമാനത്താവളത്തിലേയ്ക്ക് നിലവില് എയര് ഏഷ്യ ഏഴ് പ്രതിവാര സര്വീസുകള് നടത്തുന്നുണ്ട്.
മാര്ച്ച് 31-ന് തായ് എയര്വേയ്സിന്റെ പ്രീമിയം വിമാന സര്വീസ് ബാങ്കോക്കിലെ സുവര്ണഭൂമി വിമാനത്താവളത്തിലേക്ക് ആഴ്ചയില് മൂന്ന് സര്വീസുകള് നടത്തും. ഓസ്ട്രേലിയ, ന്യൂസിലന്ഡ് എന്നിവിടങ്ങളിലേയ്ക്കുള്ള ട്രാന്സിറ്റ് യാത്രക്കാര്ക്ക് അതിവേഗത്തില് യാത്ര തുടരാന് ഇത് സഹായകമാകും.
ബാത്തിക് എയറും ബാങ്കോക്കിലേയ്ക്ക് മൂന്ന് പ്രതിവാര സര്വീസുകള് പ്രഖ്യാപിച്ചിട്ടുണ്ട്. മലേഷ്യയിലെ ക്വലാലംപുരിലേയ്ക്ക് ആഴ്ചയില് 26 സര്വീസുകളുണ്ട്.
മലേഷ്യ എയര്ലൈന്സ്, ബാത്തിക് എയര്, എയര് ഏഷ്യ എന്നീ എയര്ലൈനുകളാണ് ക്വലാലംപുരിലേയ്ക്ക് സര്വീസ് നടത്തുന്നത്. എയര് ഏഷ്യ എയര്ലൈന് അധിക സര്വീസുകള് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുകൂടെയാകുമ്പോള് കൊച്ചി-ക്വലാലംപുര് പ്രതിവാര സര്വീസുകളുടെ എണ്ണം 30 ആയി ഉയരും. മാര്ച്ചോടെ കൊച്ചിയില് പ്രതിദിന സര്വീസുകള് 185 ആയി ഉയരും. 2023-ല് ഒരു കോടി യാത്രക്കാര് സിയാല്വഴി കടന്നുപോയിരുന്നു.
യാത്രക്കാരുടെ എണ്ണത്തില് 17 ശതമാനം വളര്ച്ചയാണ് 2024-ല് പ്രതീക്ഷിക്കുന്നത്.