
കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാൻ കൂടുതൽ വികസന പദ്ധതികളുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ).
സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന പഞ്ചനക്ഷത്ര ഹോട്ടലിന് പുറമേ കൂടുതൽ വികസന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ്, കമേഴ്‌സ്യൽ കോംപ്ലക്‌സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവ ഇവയിൽ ഉൾപ്പെടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതികൾ പൂർത്തിയാകും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമുള്ള 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കിയിട്ടുണ്ട്.
കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം, കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്.
മാർക്കറ്റിനെക്കുറിച്ച് മികച്ച ഗവേഷണം നടത്തിയശേഷം ആസൂത്രണത്തോടെ ഒരു പദ്ധതി നടപ്പിലാക്കിയാൽ അത് വലിയ വിജയമാകും എന്നതിൻ്റെ ഉദാഹരണമാണ് സിയാലിൽ ആരംഭിച്ച 0484 എയ്‌റോ ലോഞ്ച് എന്ന് താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സിയാലിൽ ആരംഭിച്ച പദ്ധതിയാണ് 0484 എയ്‌റോ ലോഞ്ച്. യാത്രക്കാർക്കും സന്ദർശകർക്കുമായി കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബര ഹോട്ടൽ സൗകര്യമാണ് 0484 എയ്‌റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. രണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്‌റോ ലോഞ്ച് രണ്ടു മാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചിരുന്നു.
സിയാലിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ താജ് ഗ്രൂപ്പ് നടത്തിയതു പോലുള്ള അനുബന്ധ നിക്ഷേപങ്ങൾ കൊച്ചി വിമാനത്താവള മേഖലയിലേയ്ക്ക് ആകർഷിക്കപ്പെടുമെന്നാണ് അധികൃതർ കരുതുന്നത്.
ഇതുവഴി കൂടുതൽ വിമാനകമ്പനികളെ ആകർഷിക്കാനും പ്രദേശികമായ കണക്ടിവിറ്റി വർധിപ്പിക്കാനും സിയാലിന് സാധിക്കും.