ന്യൂഡല്‍ഹി: പലിശനിരക്ക് വര്‍ദ്ധനവിന്റെ ആഘാതം കോര്‍പറേറ്റുകള്‍ അനുഭവിച്ചു തുടങ്ങിയതായി സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി). പലിശനിരക്ക് വര്‍ദ്ധനവിന്റെ വേഗത കുറയ്ക്കണമെന്നും സംഘടന കേന്ദ്രബാങ്കിനോടാവശ്യപ്പെട്ടു. രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ 2022) 2,000ത്തോളം കമ്പനികളുടെ പാദഫല പ്രകടനം മോശമായതായി സിഐഐ നിരീക്ഷിക്കുന്നു.
വരുമാനവും ലാഭവും കുറഞ്ഞു. ആഭ്യന്തര ഡിമാന്റ് വര്‍ധിക്കുന്നുണ്ടെങ്കിലും ആഗോള സാഹചര്യങ്ങള്‍ പ്രതികൂലമായത് വളര്‍ച്ചയെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ നിരക്ക് വര്‍ധനവിന്റെ വേഗത കുറയ്ക്കുകയും 50 ബേസിസ് പോയിന്റിന് പകരം 25-35 ബേസിസ് പോയിന്റാക്കി വര്‍ധനവ് മിതപ്പെടുത്തുകയും വേണം.
ഇനിയുള്ള നിരക്ക് വര്‍ധന വായ്പാ-നിക്ഷേപ അന്തരം കുറയ്ക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.പണപ്പെരുപ്പം കുറയുന്നതുവഴി ചെലവുകള്‍ ക്രമീകരിക്കപ്പെടുന്നതോടെയാണ് ഇത്. നിലവില്‍ വായ്പയ്ക്ക് ആനുപാതികമായി നിക്ഷേപം കൂടുന്നില്ല.
നിക്ഷേപം കൂടുന്നത് സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തുകയും ചെയ്യും. പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പലിശ നിരക്കുയര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതരായിരുന്നു. മെയ് മാസം മുതല്‍ 190 ബേസിസ് പോയിന്റ് വര്‍ധനവാണ് റിപ്പോ നിരക്കില്‍ ബാങ്ക് വരുത്തിയത്.
ഇതോടെ റിപ്പോ നിരക്ക് 5.9 ശതമാനമായി ഉയരുകയും ഒക്ടോബര്‍ മാസ പണപ്പെരുപ്പം 6.7 ശതമാനമായി താഴുകയും ചെയ്തു. 7.14 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്കില്‍ നിന്നുമാണ് പണപ്പെരുപ്പം കുറഞ്ഞത്. അതേസമയം , അതിപ്പോഴും ആര്‍ബിഐ ടോളറന്‍സ് പരിധിയായ 6 ശതമാനത്തില്‍ കൂടുതലാണ്.
ഇത് പത്താം മാസമാണ് പണപ്പെരുപ്പം ടോളറന്‍സ് പരിധിയ്ക്ക് മുകളിലാകുന്നത്. 2-6 ശതമാനമാണ് ആര്‍ബിയുടെ പണപ്പെരുപ്പ സഹിഷ്ണുതാ പരിധി.