ന്യൂഡല്‍ഹി: പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ സിനിമ തീയേറ്റര്‍ ഉടമകള്‍ക്കധികാരമുണ്ടെന്ന് സുപ്രീം കോടതി. അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള ഭക്ഷണം അനുവദിക്കണം. സൗജന്യ കുടിവെള്ളം നല്‍കാനും പരമോന്നത കോടതി ഉത്തരവിട്ടു.
സിനിമ തീയേറ്റര്‍,മള്‍ട്ടിപ്ലക്‌സ് എന്നിവിടങ്ങളിലേയ്ക്ക് ഭക്ഷണം കൊണ്ടുവരാന്‍ ജമ്മുകാശ്മീര്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഭക്ഷണം കൊണ്ടുവരുന്നത് വിലക്കാന്‍ അധികൃതര്‍ക്കവകാശമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സിനിമാ തീയേറ്റര്‍ ഉടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. സ്വകാര്യ സ്വത്തായ തീയേറ്ററില്‍ ഉടമകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാം, ബെഞ്ച് വ്യക്തമാക്കി. തീയേറ്റര്‍ കോംപ്ലക്‌സില്‍ വില്‍ക്കാന്‍വച്ചത് വാങ്ങാതിരിക്കാനുള്ള കാണികളുടെ അവകാശത്തിന് സമമാണിതെന്നും സുപ്രീം കോടതി പറയുന്നു.
ഭക്ഷണം അനുവദിക്കണമെന്ന ഹൈക്കോടതി വിധിയെ വിമര്‍ശിച്ച ബെഞ്ച്, നടപടി അധികാരപരിധി ലംഘിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.