
ഇന്ത്യൻ മരുന്നു നിർമാതാക്കളായ സിപ്ല, ഗ്ലെൻമാർക്ക് എന്നിവ യുഎസ് വിപണിയിൽ നിന്ന് മരുന്നുകൾ തിരിച്ചുവിളിക്കുന്നു. ഉൽപ്പാദന വേളയിൽ ഉണ്ടായ പിശകിനെ തുടർന്നാണ് സിപ്ലയും ഗ്ലെൻമാർക്കും യുഎസ് വിപണിയിൽ നിന്ന് ചില മരുന്നുകൾ തിരിച്ചുവിളിക്കുന്നത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ (യുഎസ്എഫ്ഡിഎ) പുതിയ റിപ്പോർട്ട് അനുസരിച്ച് ന്യൂജേഴ്‌സിയിലെ സിപ്ലയുടെ അനുബന്ധ സ്ഥാപനം ആസ്തമ, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് തിരിച്ചുവിളിച്ചത്.
ഇപ്രട്രോപിയം ബ്രോമൈഡ്, ആൽബുട്ടെറോൾ സൾഫേറ്റ് ഇൻഹലേഷൻ സൊല്യൂഷൻ എന്നിവയുടെ 59,244 പായ്ക്കുകൾ ആണ് തിരിച്ചുവിളിക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡിൽറ്റിയാസെം ഹൈഡ്രോക്ലോറൈഡ് എക്സ്റ്റെൻഡഡ്-റിലീസ് ക്യാപ്‌സ്യൂളുകൾ ആണ് ഗ്ലെൻമാർക്ക് തിരിച്ചുവിളിക്കുന്നത്. 3,264 പാക്കുകളാണ് തിരിച്ച് വിളിച്ചത്.
കമ്പനിയുടെ യുഎസ് ആസ്ഥാനമായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് മരുന്നുകൾ രാജ്യവ്യാപകമായി തിരിച്ചുവിളിക്കുകയാണ്.
60 വിഭാഗങ്ങളിലായി വ്യത്യസ്‌തമായ 60,000-ൽ പരം ജീവൻ രക്ഷാ മരുന്നുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്ലെൻമാർക്ക്.ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ മരുന്നുകൾ കമ്പനി വിതരണം ചെയ്യുന്നത്.
ജപ്പാൻ, ഓസ്‌ട്രേലിയ, പടിഞ്ഞാറൻ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ മരുന്നുകൾ നിർമിക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ ഫാർമ കമ്പനിയാണ് സിപ്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ രോഗങ്ങൾ, സന്ധിവാതം, പ്രമേഹം തുടങ്ങി വിവിധ രോഗാവസ്ഥകൾക്കുള്ള മരുന്നുകൾ കമ്പനി വികസിപ്പിക്കുന്നുണ്ട്.
യുഎസ്എഫ്‌ഡിഎയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്നുകൾ കയറ്റി അയക്കുന്ന കൂടുതൽ കമ്പനികളും ഇന്ത്യയിലാണ് എന്ന ആക്ഷേപമുണ്ട്.