മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി ഫണ്ടായ ബ്ലാക്ക്സ്റ്റോണ്‍, പ്രമോട്ടര്‍ ഹോള്‍ഡിംഗ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് സിപ്ല ഓഹരി ഉയര്‍ന്നു. എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 1238.70 രൂപ രേഖപ്പെടുത്തിയ സ്റ്റോക്ക്, പിന്നീട് 1209.75 രൂപയിലാണ് ക്ലോസ് ചെയ്തത്. മുഴുവന്‍ പ്രൊമോട്ടര്‍ ഓഹരികളും ഏറ്റെടുക്കുന്നതിനായി ബ്ലാക്ക്സ്റ്റോണ്‍ നോണ്‍-ബൈന്‍ഡിംഗ് ബിഡ് സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
പ്രൊമോട്ടര്‍മാരായ ഹാമിദ് കുടുംബത്തിന് സിപ്ലയില്‍ മൊത്തം 33.47 ശതമാനം ഓഹരിയാണുള്ളത്. പിന്തുടര്‍ച്ചാ പദ്ധതിയുടെ ഭാഗമായാണ് പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വില്‍ക്കുന്നത്, റിപ്പോര്‍ട്ട് പറയുന്നു. തനിയെ ആണ് നിലവില്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെങ്കിലും ബ്ലാക്ക്സ്റ്റോണ്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചേയ്ക്കാം.
അതേസമയം നീക്കത്തെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തു. ഒരു പിഇ നിക്ഷേപകന്റെ പ്രവേശനം, സാമ്പത്തിക മൂലധനം മാത്രമല്ല, ബൗദ്ധിക വൈദഗ്ധ്യവും ശക്തമായ മാനേജുമെന്റ് പാരമ്പര്യവും കൊണ്ടുവരുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അനലിസ്റ്റ് വിശദീകരിക്കുന്നു. 1230 രൂപ ഭേദിക്കുന്ന പക്ഷം സിപ്ല ഓഹരി, 1300 രൂപയിലേയ്ക്ക് കുതിക്കുമെന്നാണ് അരിഹന്ദ് കാപിറ്റലിലെ ര്ത്നേഷ് ഗോയലിന്റെ വിലയിരുത്തല്‍.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഫാര്‍മ ജനറക്സ് കമ്പനിയാണ് സിപ്ല.