മുംബയ്: ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെ.എഫ്.എസ്) ഉൾപ്പെടെയുള്ള പത്ത് കമ്പനികളുടെ സർക്യൂട്ട് പരിധി നിലവിലുള്ള അഞ്ച് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ബി.എസ്.ഇ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പരിഷ്കരിച്ചു.
10 ഓഹരികളുടെ പ്രൈസ് ബാൻഡുകളിലെ പരിഷ്‌കരണം സെപ്തംബർ ഒന്നിനാണ് പ്രഖ്യാപിച്ചത്. ശ്രീ വെങ്കിടേഷ് റിഫൈനറീസ്, റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യ പെസ്റ്റിസൈഡ്‌സ്, എസ്ആർജി സെക്യൂരിറ്റീസ് ഫിനാൻസ്, ഡോൾഫിൻ ഓഫ്‌ഷോർ എന്റർപ്രൈസസ്, സൂപ്പർ ഫൈൻ നിറ്റേഴ്‌സ് എന്നിവയുടെ പ്രൈസ് ബാൻഡ് 10 ശതമാനമായി പരിഷ്‌കരിച്ചു.
പുതിയ പ്രൈസ് ബാൻഡുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബി.എസ്.ഇ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഋഷഭ് ദിഘ സ്റ്റീൽ ആൻഡ് അലൈഡ് പ്രൊഡക്‌ട്‌സ്, വെർടെക്‌സ് സെക്യൂരിറ്റീസ്, റട്ടൻഇന്ത്യ പവർ എന്നിവയ്‌ക്ക് 5 ശതമാനമായി മാറ്റിയിട്ടുണ്ട്.
പ്രമുഖ എക്സ്ചേഞ്ചുകളായ എൻ.എസ്.ഇയും ബി.എസ്.ഇയും സ്റ്റോക്ക് ട്രേഡിംഗിന്റെ അതിരുകളായി പ്രവർത്തിക്കുന്ന എല്ലാ സെക്യൂരിറ്റികൾക്കും പ്രൈസ് ബാൻഡുകൾ നിശ്ചയിക്കാറുണ്ട്.
സ്റ്റോക്കുകളിലെ തീവ്രമായ ചാഞ്ചാട്ടം തടയുക, നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക, വിപണി സമഗ്രത വർദ്ധിപ്പിക്കുക എന്നിവയാണ് സർക്യൂട്ട് പരിധികളുടെ ഉദ്ദേശ്യം.
അടുത്തയാഴ്ച ട്രേഡ്-ടു-ട്രേഡ് വിഭാഗത്തിൽ നിന്ന് ജെ.എഫ്.എസ് ഓഹരികൾ പുറത്തേക്ക് പോകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
സെൻസെക്സ് ഉൾപ്പെടെ എല്ലാ ബി.എസ്.ഇ സൂചികകളിൽ നിന്നും ജെ.എഫ്.എസിന്റെ സ്റ്റോക്ക് സെപ്തംബർ ഒന്നിന് നീക്കം ചെയ്തിരുന്നു. ജിയോ ഫിനാൻഷ്യലിന്റെ മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നുള്ള വേർപെടുത്തലിനെ തുടർന്ന് ആഗസ്റ്റ് 21നാണ് ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തത്.
നേരത്തെ, ആഗസ്റ്റ് 24ന് സൂചികകളിൽ നിന്ന് ഓഹരി നീക്കം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ആഗസ്റ്റ് 29 ലേക്ക് മാറ്റി. എങ്കിലും, ലോവർ സർക്യൂട്ടിൽ തന്നെ തുടർന്നതിനാൽ ഇത് നീട്ടുകയായിരുന്നു.
ജിയോ ഫിനാൻഷ്യൽ സർവീസസ്, ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇൻഷ്വറൻസ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കും.
ബ്ലാക്ക്‌റോക്കിന്റെ പങ്കാളിത്തത്തോടെ അസറ്റ് മാനേജ്‌മെന്റ് വ്യവസായത്തിലേക്ക് ജെ.എഫ്.എസ് ഇതിനകം തന്നെ ചുവെടെടുത്ത് വച്ചിട്ടുണ്ട്.
300 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം ലക്ഷ്യമിട്ട് ഈ പങ്കാളിത്തം ഇന്ത്യൻ വിപണിയിൽ പുതിയ നീക്കം നടത്തും.