മുംബൈ: കോസ്‌മെറ്റിക്‌സ്-ടു-ഫാഷൻ റീട്ടെയിലറായ നൈക്കയിലെ അവരുടെ 250 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഒരു ബ്ലോക്ക് ഇടപാട് വഴി വിൽക്കാൻ ഒരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിനായി ഗ്രൂപ്പ് ഒരു കരാറിൽ ഏർപ്പെട്ടതായി സിഎൻബിസി ആവാസ് റിപ്പോർട്ട് ചെയ്തു.
നൈക്കയുടെ മാതൃ സ്ഥാപനമായ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഓഹരി, വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തുന്നതിനിടയിലാണ് സിറ്റി ഗ്രൂപ്പിന്റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 6.34 ശതമാനത്തിന്റെ നഷ്ടത്തിൽ 176.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
നൈക്ക ഓഹരികളുടെ ലോക്ക്-ഇൻ കാലയളവ് 2022 നവംബർ 10-ന് അവസാനിക്കും. 2022 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ നൈക്ക 5.19 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി, ഇത് മുൻ വർഷത്തെ 1.17 കോടി രൂപയെ അപേക്ഷിച്ച് ഒന്നിലധികം മടങ്ങ് വർധിച്ചു. കൂടാതെ ഈ കാലയളവിലെ കമ്പനിയുടെ ഏകീകൃത വരുമാനം 1,230.8 കോടി രൂപയാണ്.