ഡൽഹി: 2022 ജൂൺ പാദത്തിൽ അറ്റാദായത്തിൽ 30 ശതമാനം വർധന രേഖപ്പെടുത്തി സിറ്റി യൂണിയൻ ബാങ്ക്. ഒന്നാം പാദത്തിൽ ബാങ്ക് 225 കോടി രൂപയുടെ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 173 കോടി രൂപയായിരുന്നു.
ജൂൺ പാദത്തിലെ മൊത്തം വരുമാനം 1,191 കോടിയിൽ നിന്ന് 11 ശതമാനം ഉയർന്ന് 1,317 കോടി രൂപയായതായി സിറ്റി യൂണിയൻ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. പലിശ വരുമാനം 10 ശതമാനം ഉയർന്ന് 1,099 കോടി രൂപയായപ്പോൾ പലിശേതര വരുമാനം 12 ശതമാനം വർധിച്ച് 218 കോടി രൂപയായി. ഈ കാലയളവിലെ ബാങ്കിന്റെ പ്രവർത്തന ലാഭം 447 കോടി രൂപയാണ്.
ആസ്തിയുടെ കാര്യത്തിൽ, വായ്പ ദാതാവിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 5.59 ശതമാനത്തിൽ നിന്ന് മൊത്തം അഡ്വാൻസുകളുടെ 4.65 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, മൊത്ത നിഷ്‌ക്രിയ ആസ്തി 2,035 കോടിയിൽ നിന്ന് 1,904 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 19.58 ശതമാനത്തിൽ നിന്ന് 20.48 ശതമാനമായി മെച്ചപ്പെട്ടപ്പോൾ അറ്റ പലിശ മാർജിൻ 3.95 ശതമാനമായി ഉയർന്നു.