
മുംബൈ: ലോവർകാർബണിന്റെയും, വെഞ്ച്വർ നിക്ഷേപകനായ ക്രിസ് സാക്കയുടെ കാലാവസ്ഥാ-ടെക് ഫണ്ടായ എലിവേഷൻ ക്യാപിറ്റലിന്റെയും നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 കോടി രൂപ സമാഹരിച്ച് ബി2സി സോളാർ ഉൽപ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ക്ലീൻടെക് സ്റ്റാർട്ടപ്പായ സോളാർസ്‌ക്വയർ.
ഈ റൗണ്ടിൽ നിലവിലുള്ള നിക്ഷേപകരായ ഗുഡ് ക്യാപിറ്റൽ, റെയിൻമാറ്റർ എന്നിവരും മീഷോ സ്ഥാപകരായ വിദിത് ആത്രേ, സഞ്ജീവ് ബർൺവാൾ എന്നിവയുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരും പങ്കെടുത്തു.
ജൂണിൽ 30 കോടി രൂപ സമാഹരിച്ച കമ്പനി, അടുത്ത 18-24 മാസത്തിനുള്ളിൽ തങ്ങളുടെ സേവനങ്ങൾ ഇന്ത്യയിലുടനീളം വിന്യസിക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചു. കൂടാതെ റെസിഡൻഷ്യൽ സോളാർ ഉൽപ്പനങ്ങൾ വാങ്ങുന്നവർക്കായി വായ്പ നൽകുന്നതിനായി ഒരു ഇൻ-ഹൗസ് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്‌സി) ആരംഭിക്കാനും സ്റ്റാർട്ടപ്പ് ഉദ്ദേശിക്കുന്നു.
സോളാർ സ്‌ക്വയർ വീടുകൾക്കുള്ള റൂഫ്‌ടോപ്പ് സോളാർ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുകയും സ്ഥാപിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നു. നിലവിൽ, സ്റ്റാർട്ടപ്പ്, ബെംഗളൂരു, ഡൽഹി, ഗുജറാത്ത്, ഹൈദരാബാദ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് വിപണികളിൽ ബി2സി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വീടുകൾ കൂടാതെ, ഹൗസിംഗ് സൊസൈറ്റികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമായി റൂഫ്‌ടോപ്പ് സോളാർ സൊല്യൂഷനുകളും കമ്പനി നൽകുന്നു.