തിരുവനന്തപുരം: സമ്മര്ദിത പ്രകൃതിവാതകം (സി.എന്.ജി.) ലാഭകരമല്ലെന്ന് കണ്ടതോടെ കെ.എസ്.ആര്.ടി.സി.യുടെ ഡീസല് ബസുകള് വൈദ്യുതിയിലേക്ക് മാറ്റുന്നു.
സംസ്ഥാനത്തെ സ്റ്റാര്ട്ടപ്പായ ഹിന്ദുസ്ഥാന് ഇ.വി. മോട്ടോര്സിനു പുറമേ, വിദേശ പങ്കാളിത്തമുള്ള മൂന്നു കമ്പനികള്കൂടി സന്നദ്ധതയറിയിച്ചു. പദ്ധതിരേഖ തയ്യാറാക്കി കഴിവതും വേഗത്തില് നല്കാന് മാനേജ്മെന്റ് നിര്ദേശം നല്കി.
ഒരു ബസിന് 20 ലക്ഷം രൂപവരെ ചെലവിടാന് കെ.എസ്.ആര്.ടി.സി. തയ്യാറാണ്. പത്തുവര്ഷം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തില് ഇ-വാഹനങ്ങളാക്കുക. 1000 ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവ് കുറയ്ക്കാനാണ് തീരുമാനം. ഇ-വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വര്ഷം പഴക്കമുള്ള ഡീസല് ബസുകള് കെ.എസ്.ആര്.ടി.സി. ഉപേക്ഷിക്കാറുണ്ട്. ഇവ ഇ-വാഹനങ്ങളാക്കി പുനരുപയോഗിക്കാന് കഴിയും.
ഡീസല് ബസുകളില് എന്ജിന് മാറ്റിയശേഷം മോട്ടോറും ബാറ്ററി, കണ്ട്രോള് യൂണിറ്റും ഘടിപ്പിക്കും. ഒരു ചാര്ജിങ്ങില് 120 കിലോമീറ്റര് ഓടാന് കഴിയുന്ന ബാറ്ററിസംവിധാനമാണ് ആവശ്യപ്പെടുന്നത്. നഗരങ്ങളിലേക്കാവും പരിഗണിക്കുക. അടുത്തിടെ വാങ്ങിയ ഇലക്ട്രിക് ബസുകളിലെ ബാറ്ററി ഇളക്കിമാറ്റാന് കഴിയില്ല.
പകരം, ബാറ്ററികള് മാറ്റിവെക്കാന് കഴിയുന്നവിധത്തിലാകണം ക്രമീകരണമെന്ന് കെ.എസ്.ആര്.ടി.സി. ആവശ്യപ്പെട്ടു. സ്റ്റേഷനുകളില് ചാര്ജുചെയ്ത് സൂക്ഷിച്ച ബാറ്ററികള് പെട്ടെന്ന് ബസുകളിലേക്ക് ഘടിപ്പിക്കാന് സാധിക്കും. ചാര്ജ് ചെയ്യുന്നതിലെ സമയനഷ്ടം ഒഴിവാക്കാം.
എന്നാല്, ബാറ്ററിക്ക് രണ്ടുടണ് ഭാരം വരുമെന്നതിനാല് പ്രായോഗികമല്ലെന്ന് വിദഗ്ധര് പറയുന്നു. പുതിയ ഇ-ബസിന് 92 ലക്ഷം രൂപ വിലയുണ്ട്. അതിനാല്, പഴയ ബസുകളുടെ മാറ്റത്തിന് 20 ലക്ഷത്തില് കൂടുതല് ചെലവിടാന് കഴിയില്ലെന്ന് കെ.എസ്.ആര്.ടി.സി. കമ്പനികളെ അറിയിച്ചു.