മുംബൈ: സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ് (എസ്ഇസിഎൽ) മധ്യപ്രദേശ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡുമായി (എംപിപിജിസിഎൽ) 660 മെഗാവാട്ട് തെർമൽ പവർ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. എസ്‌ഇസിഎൽ സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്, ഈ നീക്കം കോൾ ഇന്ത്യ ലിമിറ്റഡിന്റെ വൈദ്യുതി ഉൽപാദനത്തിലേക്കുള്ള മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലെ ചച്ചായിയിലെ അമർകണ്ടക് താപവൈദ്യുത നിലയത്തിന് സമീപമാണ് കൽക്കരിയിൽ പ്രവർത്തിക്കുന്ന പ്ലാന്റ് നിർമ്മിക്കുന്നത്.
വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ ജലത്തിന്റെ അളവ് കുറയ്ക്കാൻ യൂണിറ്റ് എയർ കൂൾഡ് കണ്ടൻസർ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയിൽ 4,665 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നും, അതിൽ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ വിഹിതം ഏകദേശം 70% ആയിരിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇതിന്റെ ഉടമസ്ഥാവകാശം എസ്ഇസിഎല്ലിന് ആയിരിക്കുമ്പോൾ പ്രവർത്തനപരമായ പങ്ക് എംപിപിജിസിഎൽ നിർവഹിക്കും. രണ്ട് വർഷത്തിനുള്ളിൽ ഈ പ്ലാന്റിൽ വൈദ്യുതി ഉൽപ്പാദനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പ്രവർത്തനം വൈവിധ്യവൽക്കരിക്കാനുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ ഫലമാണ് ഈ സംരംഭമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ സംരംഭത്തിന്റെ ഭാഗമായി ക്ലീൻ എനർജി, സോളാർ എനർജി, തെർമൽ പവർ പ്രോജക്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കമ്പനി പദ്ധതിയിടുന്നു.