മുംബൈ: കോൾ ഇന്ത്യയുടെ ത്രൈമാസ ലാഭം 106 ശതമാനം വർധിച്ച് 6,044 കോടി രൂപയായി ഉയർന്നു. സമാനമായി ഈ പാദത്തിൽ ഏകീകൃത വരുമാനം 28.1 ശതമാനം ഉയർന്ന് 29,838 കോടി രൂപയിലെത്തിയെന്ന് കോൾ ഇന്ത്യ അറിയിച്ചു. വിശകലന വിദഗ്‌ധരുടെ പ്രതീക്ഷകളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് സ്ഥാപനം കാഴ്ചവെച്ചത്.
കൂടാതെ പൊതുമേഖലാ സ്ഥാപനം ഓഹരി ഒന്നിന് 15 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുകയും, ഇതിനുള്ള റെക്കോർഡ് തീയതിയായി 2022 നവംബർ 16 നിശ്ചയിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ഏകീകൃത ഇബിഐടിഡിഎ 7,280 കോടി രൂപയും ഇബിഐടിഡിഎ മാർജിൻ 24.4 ശതമാനവും ആണ്.
കഴിഞ്ഞ പാദത്തിൽ, സിഐഎല്ലിന്റെ അസംസ്‌കൃത കൽക്കരി ഉൽപ്പാദനം മുൻവർഷത്തെ 125.839 ദശലക്ഷം ടണ്ണിൽ നിന്ന് 139.228 ദശലക്ഷം ടണ്ണായി മെച്ചപ്പെട്ടു. ഇന്ത്യൻ സർക്കാരിന്റെ കൽക്കരി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ദിവസം 1.42 ശതമാനം ഉയർന്ന് 249.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.