മുംബൈ: കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ 1,190 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും. ഇതിനായി കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയുടെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും സാന്നിധ്യത്തിൽ രാജസ്ഥാൻ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡുമായി (RUVNL) സിഐഎൽ 5,400 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു.
പുനരുപയോഗ ഊർജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച കേന്ദ്ര കൽക്കരി മന്ത്രി ജോഷി പറഞ്ഞു. 2040 ഓടെ രാജ്യത്തെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം ഏകദേശം ഇരട്ടിയാക്കുമെന്നും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിക്കാനീറിലെ പൂഗലിൽ ആർവിയുഎൻഎൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 2,000 മെഗാവാട്ട് സോളാർ പാർക്കിലാണ് സിഐഎല്ലിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. പാർക്ക് വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ 4,846 ഹെക്ടർ സ്ഥലം അനുവദിച്ചു, അതിൽ ആർവിയുഎൻഎൽ 810 മെഗാവാട്ടിന്റെ സ്വന്തം സോളാർ പ്രോജക്റ്റ് സ്ഥാപിക്കുമ്പോൾ, സിഐഎൽ 1,190 മെഗാവാട്ടിന്റെ പവർ പ്രോജക്റ്റ് സ്ഥാപിക്കും.
പദ്ധതിക്കായി ആർവിയുഎൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ കെ ശർമയും സിഐഎൽ ടെക്നിക്കൽ ഡയറക്ടർ വി റെഡ്ഡിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.