
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിന് പുതിയ അന്തരാഷ്ട്ര ഓർഡർ ലഭിച്ചു. കപ്പലുകളുടെ നിർമ്മാണത്തിനായി ഒരു യൂറോപ്യൻ ക്ലയന്റിൽ നിന്ന് ഏകദേശം 1,000 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
കരാർ പ്രകാരം പദ്ധതിയുടെ പൂർത്തീകരണ സമയം 35 മാസമാണ്. ഒരു യൂറോപ്യൻ ക്ലയന്റിൽ നിന്ന് 2 കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസ്സലുകൾ (സിഎസ്‌ഒവി) നിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഓർഡർ സിഎസ്‌എൽ നേടിയിട്ടുണ്ടെന്നും, ഒരു വർഷത്തിനുള്ളിൽ ഇവ നിർമ്മിക്കാൻ കഴിയുമെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് റെഗുലേറ്ററി ഫയലിംഗിൽ കൂട്ടിച്ചേർത്തു.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പ്രത്യേക കപ്പലുകൾ നിർമ്മിക്കാൻ കമ്പനി കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ ശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). കമ്പനി കപ്പലുകൾ നിർമ്മിക്കുകയും, അവയുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി 2.42 ശതമാനത്തിന്റെ നേട്ടത്തിൽ 604.45 രൂപയിലെത്തി.