Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കേരളത്തിലെ ഏറ്റവും വലിയ കമ്പനിയായി കൊച്ചിൻ ഷിപ്പ്‍യാർ‍ഡ്

കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്പ്‍യാർ‍ഡ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാഴ്ചവയ്ക്കുന്ന വൻ മുന്നേറ്റം ഊർജമാക്കിയാണ് കപ്പൽശാല ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 8.16 ശതമാനം ഉയർന്ന് 2,898 രൂപയിലാണ് കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് ഓഹരിയുള്ളത്. ഇന്നലെ ഒരുവേള വില 2,924 രൂപയെന്ന സർവകാല റെക്കോഡും തൊട്ടിരുന്നു.

എൻഎസ്ഇയിൽ നിന്നുള്ള നിലവിലെ കണക്കുപ്രകാരം 76,256 കോടി രൂപ വിപണിമൂല്യവുമായാണ് കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ 0.43 ശതമാനം താഴ്ന്ന് 1,796.40 രൂപയിൽ വ്യാപാരം നടക്കുന്ന മുത്തൂറ്റ് ഫിനാൻസിൽ നിന്നാണ് കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് ഈ പട്ടം പിടിച്ചെടുക്കുകയായിരുന്നു. 72,118 കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസിന്‍റെ വിപണിമൂല്യം.

കഴിഞ്ഞമാസം മുത്തൂറ്റിനെ പിന്തള്ളി ഫാക്ട് കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും അത് നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ 0.78 ശതമാനം ഉയർന്ന് 1,020.85 രൂപയിൽ വ്യാപാരം പുരോഗമിക്കുന്ന ഫാക്ടിന്‍റെ വിപണിമൂല്യം 66,000 കോടി രൂപയാണ്.

51,000 രൂപ വിപണിമൂല്യമുള്ള കല്യാൺ ജുവലേഴ്സാണ് നാലാമത്. കേരളത്തിൽ നിന്നുള്ള മറ്റ് ലിസ്റ്റഡ് കമ്പനികളൊന്നും മൂല്യം ഇതുവരെ 50,000 കോടി രൂപ ഭേദിച്ചിട്ടില്ല.

കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് ഓഹരി ഒരുമാസത്തിനിടെ 69 ശതമാനവും ഒരാഴ്ചയ്ക്കിടെ 30 ശതമാനവും നേട്ടം നിക്ഷേപകർക്ക് നൽകി. ഗാർഡൻ റീച്ച് ബിൽഡേഴ്സ് ഓഹരിയും ഒരാഴ്ചയ്ക്കിടെ 31 ശതമാനം ഉയർന്നു. മാസഗോൺ ഡോക്കിന്‍റെ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ ഭേദിച്ചത് കഴിഞ്ഞദിവസമാണ്.

ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന കരുത്തിലാണ് കപ്പൽശാലകളുടെ ഓഹരികളുടെ കുതിപ്പ്. കഴിഞ്ഞ മാർച്ചുപാദ കണക്കുകൾ പ്രകാരം കൊച്ചിൻ ഷിപ്പ്‍യാർ‍ഡിന് 22,000 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്.

ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് അടുത്തിടെ നോർവേയിൽ നിന്ന് 1,100 കോടി രൂപ മതിക്കുന്ന ഓർഡറുകളും സ്വന്തമാക്കിയിരുന്നു.

X
Top