
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന്‍റെ ഏകീകൃത ലാഭം 2023-24 സെപ്റ്റംബർ പാദത്തിൽ 60.93 ശതമാനം ഉയർന്ന് 181.52 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 112.79 കോടി രൂപ ലാഭത്തിലായിരുന്നു. വരുമാനം മുൻവർഷം സമാന കാലയളവിലെ 744.88 കോടിയിൽ നിന്ന് 1100.40 കോടിയായി ഉയർന്നു. ആദ്യ പാദത്തിൽ 559.95 കോടി രൂപയായിരുന്നു വരുമാനം.
രണ്ടാം പാദത്തിൽ മൊത്തം ചെലവ് 849.03 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 579.88 കോടി രൂപയായിരുന്നു.
സെപ്തംബർ പാദ ഫലങ്ങളോടൊപ്പം ഓഹരി വിഭജനവും 2023-24 സാമ്പത്തിക വർഷത്തിനുള്ള ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. പൂര്‍ണമായി പണമടച്ച 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 8 രൂപയാണ് ഇടക്കാല ലാഭവിഹിതം.
നവംബർ 20 ഇതിനുള്ള റെക്കോഡ് തീയതിയായി നിശ്ചയിച്ചതായും കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചു.
അര്‍ഹരായ ഓഹരിയുടമകൾക്ക് ഡിസംബർ 6-നോ അതിനുമുമ്പോ ഇടക്കാല ലാഭവിഹിതം നൽകുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് വ്യക്തമാക്കി.
10 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കാൻ ബേർഡ് അംഗീകാരം നൽകി. അതായത് 2:1 അനുപാതത്തിൽ ഓഹരികൾ വിഭജിക്കും.
ഓഹരിയുടെ വിഭജനത്തിനുള്ള തിയതി കമ്പനി പിന്നീട് അറിയിക്കും.