
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും (സി.എസ്.എല്‍) പ്രതിരോധമന്ത്രാലയവും 488.25 കോടി രൂപയുടെ കരാര്‍ ഒപ്പു വച്ചു. ചെറിയ കാലയളവിലേക്കുള്ള കപ്പല്‍ അറ്റകുറ്റപ്പണികള്‍ (short refit) ചെയ്യുന്നതിനാണ് ഓര്‍ഡര്‍.
അതായത് നിലവില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളുമുള്‍പ്പെടെയുള്ളവ മാറ്റി പുതിയവ സ്ഥാപിക്കും.
പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ തന്നെ ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കി കപ്പല്‍ കൈമാറും.
വാണിജ്യ, പ്രതിരോധ കപ്പലുകളുടെ നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും രാജ്യത്തെ തന്നെ മുന്‍നിര കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
2023 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 22,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചി കപ്പല്‍ശാലയുടെ കൈവശമുള്ളത്. ഇതുകൂടാത 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി ലഭിക്കുമെന്ന് ഉറപ്പായിട്ടുമുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പല്‍ശാലയാണ്.
നേവിക്കായുള്ള മൂന്ന് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ ഈ മാസമാദ്യം കപ്പല്‍ശാല നീറ്റിലിറക്കിയിരുന്നു.