മുംബൈ: 2022 സെപ്തംബർ പാദത്തിൽ കമ്പനി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ലിസ്റ്റുചെയ്യാത്ത ഡെബ്റ്റ് സെക്യൂരിറ്റികൾ എന്നിവയിൽ നിന്നുള്ള വായ്പകളുടെ പലിശ അടയ്‌ക്കലും പ്രധാന തുകയുടെ തിരിച്ചടവിലും മൊത്തം 465.66 കോടി രൂപയുടെ വീഴ്ച വരുത്തിയതായി കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് അറിയിച്ചു.
അസറ്റ് റെസല്യൂഷനിലൂടെ കടങ്ങൾ പരിഹരിക്കുന്ന കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന് (സിഡിഇഎൽ) ഹ്രസ്വകാല, ദീർഘകാല കടങ്ങൾ ഉൾപ്പെടെ 490.66 കോടി രൂപയാണ് ആകെ കടം. പണലഭ്യത പ്രതിസന്ധി മൂലമാണ് കടം വീട്ടുന്നതിലെ കാലതാമസമെന്ന് കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് (സിഡിഇഎൽ) റെഗുലേറ്ററി അപ്‌ഡേറ്റിൽ പറഞ്ഞു.
2022 സെപ്‌റ്റംബർ 30-ന് ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള വായ്പകൾ അല്ലെങ്കിൽ ക്യാഷ് ക്രെഡിറ്റ് പോലുള്ള റിവോൾവിംഗ് സൗകര്യങ്ങളുടെ അടിസ്ഥാന തുക അടയ്ക്കുന്നതിൽ 215.11 കോടി രൂപയുടെയും കൂടാതെ ഇതിന്റെ 5.78 കോടി രൂപ പലിശ അടയ്ക്കുന്നതിലും വീഴ്ച സംഭവിച്ചതായി സിഡിഇഎൽ അറിയിച്ചു.
പ്രസ്തുത പാദത്തിൽ എൻസിഡികൾ (നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ), എൻസിആർപിഎസ് (നോൺ-കൺവേർട്ടിബിൾ റിഡീമബിൾ പ്രിഫറൻസ് ഷെയറുകൾ) പോലുള്ള ലിസ്റ്റ് ചെയ്യാത്ത ഡെറ്റ് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട 245 കോടി രൂപയുടെ കുടിശ്ശിക അടവിലും കമ്പനിക്ക് വീഴ്ച സംഭവിച്ചു.
സ്ഥാപക ചെയർമാൻ വി ജി സിദ്ധാർത്ഥയുടെ മരണശേഷം കമ്പനി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. 2020 മാർച്ചിൽ, ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പുമായി അതിന്റെ ടെക്‌നോളജി ബിസിനസ്സ് പാർക്ക് വിൽക്കുന്നതിനുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം 13 ലെൻഡർമാർക്ക് 1,644 കോടി രൂപ തിരിച്ചടയ്ക്കുന്നതായി സിഡിഇഎൽ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ കോഫി ഡേ എന്റർപ്രൈസസ് അതിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ “കടത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു” എന്ന് അറിയിച്ചിരുന്നു.