ന്യൂജെഴ്സി: വ്യാപാരരഹസ്യം ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ(Infosys) പേരിൽ ഇതേമേഖലയിലെ യു.എസ്. കമ്പനി കോഗ്നിസന്റ്(Cognizant) കേസുകൊടുത്തു.
കോഗ്നിസന്റിന്റെ ഉപകമ്പനിയായ ട്രൈസെറ്റോയാണ്(Triceto) ടെക്സസിലെ ഫെഡറൽ കോടതിയിൽ കേസുകൊടുത്തത്.
ആരോപണങ്ങളെല്ലാം ഇൻഫോസിസ് നിഷേധിച്ചു. കേസിനെക്കുറിച്ച് അറിവുണ്ടെന്നും കോടതിയിൽ നേരിടുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ട്രൈസെറ്റോയുടെ രണ്ടു സോഫ്റ്റ്‌വേറുകളുടെ -ഫാസിറ്റ്സും ക്യു.എൻ.എക്സ്.ടി.യും- വിവരങ്ങൾ ഇൻഫോസിസ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും അതുപയോഗിച്ച് സ്വന്തം സോഫ്റ്റ്‌വേർ നിർമിച്ച് വിപണിയിലെത്തിച്ചെന്നുമാണ് പരാതിയിലുള്ളത്.
ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറുകളാണ് ഫാസിറ്റ്സും ക്യു.എൻ.എക്സ്.ടി.യും.
ട്രൈസെറ്റോയുടെ രഹസ്യസ്വഭാവമുള്ള വിവരങ്ങളുള്ള ക്യു.എൻ.എക്സ്.ടി.യിൽനിന്ന് ഡേറ്റയെടുക്കാനായി ഇൻഫോസിസ് സോഫ്റ്റ്‌വേർതന്നെ ഉണ്ടാക്കിയെന്നും കമ്പനി ആരോപിക്കുന്നു. ന്യൂജെഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗ്നിസന്റിലെ ജീവനക്കാരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
ഇൻഫോസിസ് മുൻ എക്സിക്യുട്ടീവ് രാജേഷ് വാരിയരെ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡും ഇന്ത്യാ ചെയർമാനും മാനേജിങ് ഡയറക്ടറുമായി കോഗ്നിസന്റ് നിയമിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആരോപണം പുറത്തുവരുന്നത്.
കോഗ്നിസന്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രവി കുമാർ എസും മുൻപ് ഇൻഫോസിസിലായിരുന്നു.