ജനുവരി 24ന് വന്ന ഹിന്‍ഡന്‍ബർഗിന്‍റെ ഗുരുതരമായ ആരോപണങ്ങളോടു കൂടിയ റിപ്പോർട്ടൊക്കെ പഴങ്കഥയാക്കി വീണ്ടും അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ തലയുയർത്തി തുടങ്ങി. ബുധനാഴ്ച ഇടിവ് കണ്ടെങ്കിലും പൊതുവെ ഇപ്പോള്‍ വരുന്നതെല്ലാം അദാനിക്ക് അനുകൂലമായ വാർത്തകളാണ്.
ബുധനാഴ്ചത്തെ തകർച്ച മൂലം വിപണിമൂല്യത്തില്‍ വീഴ്ചയുണ്ടായെങ്കിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഈ നഷ്ടം കുറച്ചൊക്കെ നികത്തിയതായി കാണാം. എന്തായാലും, ഈ വർഷം തുടങ്ങിയപ്പോള്‍ തകർന്നടിഞ്ഞ് ചെറുകിട നിക്ഷേപകർ പലരും ഇട്ടെറിഞ്ഞോടിയ അദാനിയല്ല ഇന്ന് വിപണിയിലുള്ളത്.
ഗ്രൂപ്പിലെ പ്രധാന ഓഹരിയായ അദാനി എന്‍റർപ്രൈസസ് 1017 രൂപ വരെ താഴ്ന്നുപോയിരുന്നുവെങ്കില്‍ വ്യാഴാഴ്ചയത് 2540ലാണ്.
അദാനിയിലെ പ്രശ്നങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ അന്തിമ റിപ്പോർട്ട് കൊടുക്കാന്‍ സെബി ഈയിടെ സമയം നീട്ടിചോദിച്ചിരുന്നു. പക്ഷെ, ഇതൊന്നും അദാനി ഗ്രൂപ്പിലെ വിവിധ ഓഹരികളിലെ പ്രിയം കുറയ്ക്കുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 10 അദാനി ഗ്രൂപ്പ് ഓഹരികളിലുമായി 45,200 കോടി രൂപയുടെ മൂല്യമാണ് കഴിഞ്ഞ ആറുമാസത്തിനിടെ വർധിച്ചത്.
അബുദാബി നാഷണല്‍ എനർജി കമ്പനി (TAQA) വിവിധ ഗ്രൂപ്പ് കമ്പനികളിലായി 2.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന തരത്തില്‍ വാർത്തയുണ്ട്. ഇരു കമ്പനികളും അത് നിഷേധിച്ചെങ്കിലും തീയില്ലാതെ പുകയില്ലല്ലോദാന്നാണ് അഡാനി ഗ്രൂപ്പിലെ നിരീക്ഷകർ കരുതുന്നത്.
അപകടത്തില്‍പ്പെട്ട് വിലയിടിഞ്ഞ് നിന്ന സമയത്ത് ധൈര്യമായി അദാനിയില്‍ നിക്ഷേപം നടത്തിയ അമേരിക്കയിലെ ജി.ക്യു.ജി പാർട്ടേണ്ഴ്സ് ഏഴു ഗ്രൂപ്പ് കമ്പനികളിലായി ഈയിടെ വീണ്ടും നിക്ഷേപം നടത്തിയിരുന്നു.
കഴിഞ്ഞ വാരം ബുധനാഴ്ച അദാനി പവറിന്‍റെ 8.1 ശതമാനം ഓഹരി 9000 കോടി രൂപയ്ക്കാണ് അവർ പ്രമോട്ടർമാരില്‍ നിന്നു വാങ്ങിയത്. വിപണിയിലെ ഏറ്റവും വലിയ സിംഗിള്‍ ബയർ സെല്ലർ ട്രേഡ് കൂടിയായി മാറിയിത്.
അദാനി ഗ്രീന്‍ എനർജിയില്‍ ഖത്തർ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി 2.7 ശതമാനം ഓഹരി ഓഗസ്റ്റില്‍ വാങ്ങിയിരുന്നു. ഈ കാര്യങ്ങളെല്ലാം വരിവരിയായി സംഭവിക്കുമ്പോള്‍ നിക്ഷേപകവിശ്വാസ്യത കമ്പനിക്ക് തിരികെ വന്നിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.
ഇത് മനസിലാക്കി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ പ്ളേസ്മെന്‍റ് എന്ന രീതി വഴി ഓഹരി വിറ്റ് അദാനി എന്‍റർപ്രൈസസില്‍ 12,500 കോടി രൂപ, അദാനി ട്രാന്‍സ്മിഷനില്‍ 8,500 കോടി, അദാനി ഗ്രീന്‍ എനർജിയില്‍ 12,300 കോടിരൂപ എന്നിവ സമാഹരിക്കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.
എല്ലാവരും ചിന്തിക്കുന്നതിന് വിരുദ്ധമായി എടുക്കുന്ന നിക്ഷേപശൈലിയായ കോണ്ട്രേറിയന്‍ ബെറ്റായിരുന്നു ജി.ക്യു.ജിയെ സംബന്ധിച്ച് അദാനി ഗ്രൂപ്പിലെ നിക്ഷേപം.
ഓസ്ട്രേലിയന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നിക്ഷേപകകമ്പനിയായ ജി.ക്യു.ജി ഇക്കഴിഞ്ഞ മാർച്ചില്‍ 30,755 കോടി രൂപയ്ക്കാണ് അദാനി ഓഹരികള്‍ വാങ്ങിയത്. കഴിഞ്ഞ വെളളിയാഴ്ചത്തെ കണക്കനുസരിച്ച് ഇത് 42,017 കോടി രൂപയായിക്കഴിഞ്ഞു.
അന്തമില്ലാതെ കടം വാങ്ങി ബിസിനസ് നടത്തിയിരുന്ന രീതിയിലും അദാനി മാറ്റങ്ങള്‍ വരുത്തിയെന്നതാണ് ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട് കൊണ്ടുണ്ടായ ഗുണപരമായ മാറ്റം.
പല ഗ്രൂപ്പ് കമ്പനികളിലും കാണുന്ന എല്ലാ മെഗാ ഇന്‍ഫ്രാസ്ട്രക്ച്ചർ സംരംഭങ്ങള്‍ക്കും എടുത്തുചാടി അപേക്ഷിക്കുന്ന ശൈലിയിലും മാറ്റമുണ്ടായിട്ടുണ്ട്.
ഇതിനെല്ലാം പുറമെ, അദാനി എന്‍റർപ്രൈസസ് പ്രമോട്ടറുടെ ഓഹരിപങ്കാളിത്തം വർധിച്ചതായും കാണുന്നുണ്ട്.