
ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം പരിക്കുകളുടെ പുതിയ വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്നതിനിടയില്‍ ഇന്ത്യ-അമേരിക്ക സന്ധിസംഭാഷണത്തിന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ യു.എസില്‍.
മുന്‍കൂട്ടി നിശ്ചയിക്കാത്ത യാത്രയാണിത്. യു.എസും ഇന്ത്യയുമായി പരസ്പര വ്യാപാര കരാര്‍ രൂപപ്പെടുത്താനുള്ള ചര്‍ച്ചകളുടെ പേരിലാണ് അവിചാരിത യാത്ര. എന്നാല്‍ ട്രംപ് ഇന്ത്യയേയും വൈകാതെ ഉന്നമിടുമെന്ന തിരിച്ചറിവില്‍, പരിക്ക് കഴിവതും കുറച്ചെടുക്കാനുള്ള ശ്രമമാണ് മോദിസര്‍ക്കാര്‍ നടത്തുന്നതെന്നാണ് വിവരം.
ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളോടാണ് ട്രംപിന്റെ ഇപ്പോഴത്തെ ഏറ്റുമുട്ടല്‍. ഇറക്കുമതി ചുങ്കം കൂട്ടിയത് പ്രാബല്യത്തില്‍ വന്നതോടെ ഈ രാജ്യങ്ങള്‍ തിരിച്ചടിച്ചു.
അമേരിക്കയില്‍ നിന്നുള്ള വിവിധയിനം ഇറക്കുമതി സാധനങ്ങള്‍ക്ക് 15 ശതമാനം വരെ അധിക ചുങ്കം മാര്‍ച്ച് 10 മുതല്‍ ഏര്‍പ്പെടുത്തുമെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാര യുദ്ധം അമേരിക്കയേയും ബാധിക്കുമെന്ന് ആഭ്യന്തരമായ മുന്നറിയിപ്പുകള്‍ ട്രംപിനുണ്ട്.
ഇതൊന്നും കാര്യമാക്കാതെ അടുത്ത ഉന്നമായി യൂറോപ്യന്‍ യൂണിയനെ തെരഞ്ഞെടുത്തിരിക്കുകയാണ് ട്രംപ്. അമേരിക്കക്ക് യൂറോപ്യന്‍ യൂണിയന്‍ ആണി വെക്കുന്നുവെന്നാണ് ട്രംപിന്റെ ഡയലോഗ്. ഏപ്രില്‍ ആകുമ്പോഴേക്ക് ട്രംപ് ഇന്ത്യക്ക് നേരെയും തിരിയുമെന്നാണ് ആശങ്കകള്‍.
യഥാര്‍ഥത്തില്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെ രണ്ടര ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്ന്. ഇതാകട്ടെ, അത്രയേറെ കുഴപ്പം പിടിച്ചതുമല്ല. എന്നാല്‍ ട്രംപിന്റെ ആക്ഷന്‍ കാര്‍ഷിക മേഖലയിലേക്കു കൂടി വ്യാപിക്കുമോ എന്ന ആശങ്ക മോദിസര്‍ക്കാറിനുണ്ട്.
കാര്‍ഷിക സമരം മൂലം വലിയ പ്രയാസം മുന്‍പ് നേരിടേണ്ടി വന്ന മോദിസര്‍ക്കാറിനും ബി.ജെ.പിക്കും വീണ്ടുമൊരു കര്‍ഷക രോഷത്തെ വല്ലാതെ ഭയമുണ്ട്. അത്തരം നീക്കങ്ങളുടെ കാര്‍ക്കശ്യം കുറച്ചെടുക്കാന്‍ പീയുഷ് ഗോയലിന്റെ യാത്രയില്‍ ശ്രമം നടക്കും.
കാര്‍, രാസവസ്തുക്കള്‍ തുടങ്ങി നിരവധി ഇറക്കുമതി ഇനങ്ങളുടെ താരിഫ് താഴ്ത്തി ട്രംപിന്റെ നിലപാട് മയപ്പെടുത്താന്‍ ഇതിനകം സര്‍ക്കാര്‍ ശ്രമിച്ചു. ഓട്ടോമൊബൈല്‍, കാര്‍ഷിക വിഭവങ്ങള്‍, കെമിക്കല്‍സ്, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് സാമഗ്രികള്‍ എന്നിവയുടെ തീരുവ കുറക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.
ഇതെല്ലാം വഴി പരസ്പര വ്യാപാര കരാര്‍ ഏപ്രിലിനു മുമ്പ് സാധ്യമാക്കാനും വ്യാപാര യുദ്ധത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുമാണ് ഇന്ത്യയുടെ ശ്രമം. പല കാര്യങ്ങള്‍ക്ക് ആവശ്യമുള്ളതു കൊണ്ടും മികച്ച വിപണിയായതിനാലും ഇന്ത്യയോട് ട്രംപിന് മയമുള്ള സമീപനമുണ്ടാകുമെന്ന് ന്യായമായും ഭരണതലപ്പത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു.
അമേരിക്ക ഏപ്രിലില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തത്തുല്യ താരിഫുകളുടെ കാര്യത്തില്‍ വ്യക്തത നേടാന്‍ പീയുഷ് ഗോയല്‍ ശ്രമിക്കും. ഇന്ത്യ നേരിടേണ്ടി വരുന്ന ആഘാതം മുന്‍കൂട്ടി മനസിലാക്കി നീങ്ങാന്‍ അതു സഹായിക്കും.
പരസ്പര ഇളവുകളും ചര്‍ച്ചയാകും. കൂടുതല്‍ സൈനിക സാമഗ്രികള്‍ വാങ്ങാമെന്ന അമേരിക്കയെ ഇന്ത്യ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. രാസപദാര്‍ഥങ്ങള്‍, ലോഹ ഉല്‍പന്നങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍, മരുന്ന്, ഭക്ഷണ സാധനങ്ങള്‍ എന്നിവക്കാണ് അമേരിക്കയുടെ ബദല്‍ ചുങ്ക പ്രഹരത്തില്‍ പരിക്കേല്‍ക്കുക.
കാര്‍ഷിക വിഭവങ്ങളിലേക്കും മറ്റും ചുങ്കപ്രയോഗം വന്നാല്‍ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുക. കാര്‍ഷിക വിഭവങ്ങള്‍, കടല്‍ വിഭവങ്ങള്‍ എന്നിവയില്‍ 40 ശതമാനം വരെയാണ് ചുങ്കവ്യത്യാസം നിലനില്‍ക്കുന്നത്.
അമേരിക്കന്‍ സമീപനത്തിലുള്ള ആശങ്കകള്‍ ഇതിനകം വിപണിയേയും ബിസിനസുകളെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. അത് ഓഹരി വിപണിയില്‍ അടക്കം തുടര്‍ച്ചയായി പ്രതിഫലിക്കുന്നുമുണ്ട്.
ഇത് മറികടന്ന് സുരക്ഷിതമാകാനുള്ള വഴി ഇനിയും തെളിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മാന്ദ്യത്തിന്റെ സാഹചര്യം നിക്ഷേപവും ഉപഭോഗവും കുറച്ച് മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ (ജി.ഡി.പി) പിന്നാക്കം തള്ളുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.