കൊച്ചി: പരസ്യങ്ങൾ സംബന്ധിച്ച പരാതികളിൽ 34 വർധനയെന്നു അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (എ എസ് സി ഐ) അർദ്ധവാർഷിക പരാതി റിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിച്ച് 4491 പരാതികളാണ് ലഭിച്ചത്.
ഇതേതുടർന്ന് 3501പരസ്യങ്ങൾ പരിശോധിച്ചതിൽ 564 എണ്ണം നേരിട്ടുള്ള നിയമ ലംഘനങ്ങളായി കണ്ടെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 22% വർധനയാണ് നിയമലംഘനത്തിൽ ഉണ്ടായത്.
47% പരസ്യങ്ങളും എ എസ് സി ഐ കോഡ് ലംഘിച്ചതായി റിപ്പോർട്ട് പറയുന്നു. ഇതിൽ 35% പരസ്യങ്ങൾ പിൻവലിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്‌തു. 79 ശതമാനം പരാതികളിലും ലംഘനങ്ങളുടെ പ്രാഥമിക ഉറവിടം ഡിജിറ്റൽ മീഡിയയാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അച്ചടി മാധ്യമങ്ങളിലും ടെലിവിഷനിലും യഥാക്രമം 17% , 3% എന്നിങ്ങനെയും മറ്റ് മാധ്യമങ്ങളിൽ രണ്ടു ശതമാനവുമാണ് റിപ്പോർട്ട് ചെയ്‍ത ലംഘനങ്ങൾ. ഹെൽത്ത്കെയർ മേഖലയുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം നിയമവിരുദ്ധ പരസ്യങ്ങൾ. ഇത് 21% ആണ് ഇതിന്റെ നിരക്കെന്നും എ എസ് സി ഐ റിപ്പോർട്ടിൽ പറയുന്നു.
75.4% പരാതികളും എ എസ് സി ഐ സ്വമേധയാ സ്വീകരിച്ചതാണ്. ലംഘനങ്ങൾ തിരിച്ചറിയാൻ സജീവ ഇടപെടലാണ് നടത്തുന്നതെന്നും എ എസ് സി ഐ അറിയിച്ചു.