ന്യൂഡല്‍ഹി: കടബാധ്യതകള്‍ തീര്‍ക്കാന്‍ വേദാന്ത റിസോഴ്‌സസ് സജ്ജമാണെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. മറിച്ചുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളി. കമ്പനി പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ട്രാക്ക് റെക്കോര്‍ഡ് ചൂണ്ടിക്കാട്ടി, അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തിരിച്ചടവ് മുടക്കിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ചിലര്‍ ബാധ്യതകളെ പെരുപ്പിച്ചുകാട്ടുകയാണെന്നും ആരോപിച്ചു. ലാഭവിഹിതവും റോയല്‍റ്റി പേയ്‌മെന്റുകളും സംയോജിപ്പിച്ചുകൊണ്ട് വിആര്‍എല്‍ കടം തിരിച്ചടയ്ക്കും.
ഈയിടെ 1 ബില്യണ്‍ ഡോളര്‍ തിരിച്ചടവ് നടത്താന്‍ വേദാന്ത റിസോഴ്‌സസ് തയ്യാറായിരുന്നു. ഇതോടെ മൊത്തം കടം 6.8 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022 മാര്‍ച്ചില്‍ 9.7 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ബാധ്യത.
അലുമിനിയം, ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്റ്റീല്‍, ചെമ്പ്, ഊര്‍ജ്ജം, സിങ്ക് തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുള്ള വേദാന്ത റിസോഴ്‌സസിന്റെ പ്രധാന അനുബന്ധ സ്ഥാപനം വേദാന്ത ലിമിറ്റഡാണ്. ഹിന്ദുസ്ഥാന്‍ സിങ്ക്, കെയ്ന്‍ ഇന്ത്യ, സെസ ഗോവ, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ് എന്നിവയാണ് കമ്പനിയുടെ പ്രധാന സ്റ്റെപ്പ്ഡൗണ്‍ അനുബന്ധ സ്ഥാപനങ്ങള്‍.