ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി വര്‍ധിച്ചു. മെയിലെ 25 മാസത്തെ 1 വര്‍ഷത്തെ കുറഞ്ഞ നിരക്കായ 4.25 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. ജൂലൈ 12 ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് പണപ്പെരുപ്പം. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 4.6 ശതമാനമായിരുന്നു ജൂണിലെ പണപ്പെരുപ്പ അനുമാനം. മൂന്ന് മാസത്തിനു ശേഷമാണ് പണപ്പെരുപ്പം ഉയരുന്നത്.
പച്ചക്കറികളുടേയും പയറിന്റെയും വിലവര്‍ദ്ധനവാണ് മൊത്തം ചെറുകിട പണപ്പെരുപ്പത്തെ ഉയര്‍ത്തിയത്. അതില്ലായിരുന്നെങ്കില്‍ പണപ്പെരുപ്പം സ്ഥിരമായി തുടരുമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു.
4.9 ശതമാനമായാണ് ജൂണില്‍ ഭക്ഷ്യവില കൂടിയത്. മെയിലിത് 2.91 ശതമാനമായിരുന്നു. അതേസമയം അടിസ്ഥാനമായി എടുത്ത കണക്കുകളുടെ ആനുകൂല്യമില്ലാതെയാണ് വര്‍ദ്ധനവ് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.
‘കാലാവസ്ഥയുമായി ബന്ധപ്പെട്ട വില തടസ്സം മറ്റ് പച്ചക്കറികളിലും പ്രത്യേകിച്ച് ഉള്ളി വിലയിലും കാണപ്പെടുന്നു,’ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധന്‍ അനുഭൂതി സഹായിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുകയാണെങ്കില്‍ ജൂലൈയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തുമെന്ന് അവര്‍ കണക്കാക്കുന്നു.
തുടര്‍ച്ചയായ 10 മാസങ്ങളില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്റായ 6 ശതമാനത്തില്‍ കൂടുതലായ ശേഷം സിപിഐ പണപ്പെരുപ്പം നവംബര്‍,ഡിസംബര്‍, മാസങ്ങളില്‍ ഇടിവ് നേരിട്ടിരുന്നു. യഥാക്രമം 5.88 ശതമാനവും 5.72 ശതമാനവുമായിരുന്നു ഈ മാസങ്ങളിലെ പണപ്പെരുപ്പം. ജൂണിലെ ഉയര്‍ച്ചയോടെ തുടര്‍ച്ചയായ 45 മാസമായി പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തില്‍ കൂടുതലായി.