മുംബൈ: പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും മുക്തരായ ഉപഭോക്താക്കള്‍ തങ്ങളുടെ പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങി വരികയാണെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ ഡി. പത്ര.അതുകൊണ്ടുതന്നെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭാവി ശോഭനമാണ്. റിസര്‍വ് ബാങ്കില്‍ നടന്ന സ്റ്റാറ്റിസ്റ്റിക്‌സ് ഡേ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉപയോക്താക്കള്‍ ശാശ്വതമായി അശുഭാപ്തിവിശ്വാസികളാണെന്നും എന്നാല്‍ ഭാവിയെക്കുറിച്ച് എല്ലായ്‌പ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും ആര്‍ബിഐയുടെ ഉപഭോക്തൃ സര്‍വേയില്‍ കണ്ടെത്തി. ഫലങ്ങള്‍ വിശ്വസനീയമാണെന്ന് പറഞ്ഞ പത്ര,സര്‍വ്വേ ഗ്രാമങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുമെന്നും അറിയിച്ചു.
പണനയം രൂപപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ക്കായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വേകള്‍ നടത്തുന്നത്. കുടുംബങ്ങളുടെ പണപ്പെരുപ്പ പ്രതീക്ഷകള്‍ അറിയുക, ഉപഭോക്തൃ ആത്മവിശ്വാസം ഉറപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. 19 നഗരങ്ങളിലാണ് ഇന്‍ഫ്‌ലേഷന്‍ എക്സ്പെക്റ്റേഷന്‍ സര്‍വേ ഓഫ് ഹൗസ്ഹോള്‍ഡ് (ഐഇഎസ്എച്ച്)സര്‍വേ നടത്തുക.
വില ചലനങ്ങളുടെയും പണപ്പെരുപ്പത്തിന്റെയും ആത്മനിഷ്ഠ വിലയിരുത്തലുകള്‍ കേന്ദ്രബാങ്ക് സമാഹരിക്കും.മൂന്ന് മാസങ്ങളിലെയും ഒരു വര്‍ഷത്തേയും വിലമാറ്റങ്ങളെക്കുറിച്ച് (പൊതുവില,നിര്‍ദ്ദിഷ്ട ഉല്‍പ്പന്ന ഗ്രൂപ്പ് വില) ഗുണപരമായ പ്രതികരണങ്ങളും മൂന്ന് മാസത്തേയും ഒരു വര്‍ഷത്തേയും പണപ്പെരുപ്പ നിരക്കും സര്‍വേ വഴി കേന്ദ്രബാങ്ക് സ്വായത്തമാക്കുന്നു.