കൊച്ചി: ഇന്ത്യയിലെ ആകാശ യാത്രാ വിപണിയുടെ നിയന്ത്രണം മുഴുവനായി രണ്ട് കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ കൈകളിലേക്ക്. ടാറ്റ ഗ്രൂപ്പിന്റെയും ഇന്റർഗ്ളോബ് ഗ്രൂപ്പിന്റെയും കൈയിലേക്ക് ഇന്ത്യൻ വ്യോമയാന മേഖലയുടെ നിയന്ത്രണം പൂർണമായും എത്തുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി പ്രമുഖ വിമാന കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിച്ചതോടെയാണിത്.
പ്രമുഖ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് അസോസിയേറ്റ് എയർലൈനുകളെ ലയിപ്പിച്ച് ലോകത്തിലെ തന്നെ മുൻനിര വ്യോമയാന ഭീമനാകാനുള്ള ഒരുക്കത്തിലാണ്. ഇന്റർഗ്ളോബിന്റെ ഉടമസ്ഥതയിലുള്ള ഇൻഡിഗോ കൂടുതൽ വിമാനങ്ങൾ വാങ്ങിയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും ഇന്ത്യൻ വിപണി അടക്കിവാഴാനുള്ള ശ്രമത്തിലാണ്.
രാജ്യത്തെ പ്രമുഖ വിമാന കമ്പനികളായ ഗോ എയർ, സ്പൈസ് ജെറ്റ് എന്നിവ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിക്കാനുള്ള സാദ്ധ്യതയേറിയതോടെയാണ് ദ്വന്ദ മേധാവിത്വ ആശങ്കകൾ ശക്തമാകുന്നത്.
വിപണിയിൽ ശേഷിക്കുന്ന വിമാന ഓപ്പറേറ്ററായ “ആകാശ” മികച്ച വളർച്ചയാണ് നേടുന്നതെങ്കിലും തുടർച്ചയായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും മറ്റ് പ്രശ്നങ്ങളും മൂലം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ചെറുകിട കമ്പനിയായ ആകാശയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ വമ്പൻമാരുമായി മത്സരിക്കാൻ കഴിയില്ലെന്ന് രംഗത്തെ വിദഗ്ധർ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ വിപണി വിഹിതം 63 ശതമാനത്തിന് മുകളിലാണ്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ 500 എയർബസുകൾ കൂടി ഫ്ളീറ്റിൽ ഉൾപ്പെടുത്തി വൻ മുന്നേറ്റത്തിനും ഇൻഡിഗോ ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന കമ്പനിയാണ്. ടാറ്റ ഗ്രൂപ്പിനും സിംഗപ്പൂർ എയർലൈൻസിനും ഉടമസ്ഥാവകാശമുള്ള വിസ്താരയെ ഏറ്റെടുത്ത് വിപണി വികസിപ്പിക്കാനും അവർ ഒരുങ്ങുകയാണ്.
ഇതിനായി സർക്കാരിന്റെ അനുമതികൾ പ്രതീക്ഷിക്കുകയാണ് കമ്പനി. ഇതോടൊപ്പം എയർ ഏഷ്യയെ എയർ ഇന്ത്യ എക്സ്‌പ്രസുമായി ലയിപ്പിക്കാനും ഗ്രൂപ്പിന് ആലോചനയുണ്ട്. നിലവിൽ എയർ ഇന്ത്യയ്ക്ക് വ്യോമയാന രംഗത്ത് 25 ശതമാനം വിപണി വിഹിതമാണുള്ളത്.
സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന പ്രമുഖ എയർലൈനായ ഗോ ഫസ്റ്റിനെ വാങ്ങാനുള്ള നടപടികളിൽ നിന്നും മുൻ നിര കോർപ്പറേറ്റ് ഗ്രൂപ്പായ നവീൻ ജിണ്ടാൽ ഗ്രൂപ്പ് പിന്മാറി. ഗോ ഫസ്റ്റിനെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച നവീൻ ജിണ്ടാൽ ഫിനാൻഷ്യൽ ലേലത്തിൽ പങ്കെടുക്കില്ലെന്ന് ഇന്നലെ അറിയിച്ചു.
സ്വന്തമായി വിമാനമൊന്നുമില്ലാത്ത ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നത് വലിയ ബാദ്ധ്യതയാകുമെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തൽ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി വിമാന കമ്പനികളാണ് ഇന്ത്യയിൽ തകർച്ച നേരിട്ടത്. കിംഗ് ഫിഷർ മുതൽ ചെലവു കുറഞ്ഞ എയർലൈനായ എയർ ഡെക്കാനും വമ്പൻമാരായ ജെറ്റ് എയർവെയ്സിനും വരെ ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ഉയർന്ന പ്രവർത്തന ചെലവും ശക്തമായ മത്സരവുമാണ് ഇവയ്ക്ക് വിനയായത്.