
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപ വർധനയ്ക്കായി നിക്ഷേപസമാഹരണ യജ്ഞം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപത്തിന് പലിശ കുറച്ചതോടെ നിക്ഷേപസമാഹരണ യജ്ഞം പാളി. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പലിശയിൽ വർധന വരുത്തി പുതിയ സർക്കുലർ ഇറക്കും.
നിക്ഷേപസമാഹരണ യജ്ഞം വിജയിക്കാൻ ഇത് ആവശ്യമാണെന്ന് മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചതിനെ തുടർന്നാണ് നടപടി. മാർച്ച് ഒന്ന് മുതൽ കേരളബാങ്ക് ദീർഘകാല നിക്ഷേപങ്ങൾക്കുൾപ്പെടെ പലിശ കുറച്ചിരുന്നു.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്നായിരുന്നു റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലുള്ള കേരള ബാങ്കിന് വായ്പയ്ക്കും നിക്ഷേപത്തിനും പലിശ കുറയ്ക്കേണ്ടിവന്നത്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ കേരളബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പലിശയ്ക്കും ഇത് ബാധകമായി. ഇതോടെ സംസ്ഥാാനത്തെ സഹകരണ ബാങ്കുകളും സംഘങ്ങളും നിക്ഷേപത്തിന് പലിശ കുറയ്ക്കേണ്ടിവന്നു.
മാർച്ച് ഒന്ന് മുതൽ പ്രഖ്യാപിച്ചിരുന്ന നിക്ഷേപസമാഹരണയജ്ഞം ഇതോടെ പ്രതിസന്ധിയിലായി. മാർച്ച് മാസം മുഴുവൻ നീണ്ടു നിൽക്കുന്ന നിക്ഷേപസമാഹരണ യജ്ഞം അവതാളത്തിലായി. ബാങ്കുകളിലേക്ക് നിക്ഷേപം വരുമെന്ന പ്രതീക്ഷയും അവസാനിച്ചതോടെ ബാങ്കുകൾ ഇക്കാര്യം മന്ത്രിയെ ഉൾപ്പെടെ അറിയിച്ചു.
ഏറ്റവും കൂടുതൽ നിക്ഷേപം വരുന്നത് 1 വർഷം മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള കാലയളവിലേക്കാണ്. ഇതിന് പലിശ നിരക്ക് 8.25%ത്തിൽ നിന്നും എട്ടായി കുറച്ചതാണ് പ്രധാന തിരിച്ചടിയായത്. കേരള ബാങ്ക് ഇത് 7.85 % കുറച്ചിരുന്നു. നിക്ഷേപസമാഹരണ യജ്ഞ കാലത്തു വരുന്ന നിക്ഷേപത്തിനെങ്കിലും പലിശ നിരക്ക് കൂട്ടുന്നതിനാണ് തീരുമാനം.
എല്ലാ കാലയളവിലുള്ള നിക്ഷേപത്തിനും പലിശ വർധിപ്പിക്കുമെന്നാണ് സൂചന. റജിസ്ട്രാറുടെ സർക്കുലർ ഇന്ന് പുറത്തിറങ്ങും. പലിശയിനത്തിൽ അൽപം നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല, സംഘങ്ങളിലേക്ക് കൂടുതൽ പണം എത്തിക്കേണ്ടതുണ്ടെന്നാണ് വകുപ്പിന്റെ തീരുമാനം.