ന്യൂഡല്‍ഹി: ഇന്ത്യയുടെ എട്ട് പ്രധാന മേഖലകള്‍ ജൂണില്‍ 12.7 ശതമാനം വളര്‍ച്ച കൈവരിച്ചു. മെയ് മാസത്തിലെ പുതുക്കിയ 19.3 ശതമാനത്തില്‍ നിന്നും ബഹുദൂരം പുറകിലാണ് ഇത്. വാണിജ്യ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
എട്ട് പ്രധാന മേഖലകളിലെ ഏഴെണ്ണം-കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വൈദ്യുതി, വളം, സിമന്റ്, സ്റ്റീല്‍ എന്നിവ- ജൂണ്‍ മാസത്തില്‍ ഉത്പാദന വര്‍ധനവ് രേഖപ്പെടുത്തി. കല്‍ക്കരി ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.1 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം 15.5 ശതമാനവും ഉയര്‍ന്നു. റിഫൈനറി ഉല്‍പ്പാദനം 15.1 ശതമാനം വര്‍ധിച്ചപ്പോള്‍ വളം ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 8.2 ശതമാനം ഉയര്‍ന്നു.
സിമന്റ് ഉല്‍പ്പാദനം ജൂണില്‍ 19.4 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. സ്റ്റീല്‍ ഉല്‍പ്പാദനം 3.3 ശതമാനം ഉയര്‍ന്നു. അതേസമയം ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം മുന്‍വര്‍ഷത്തേക്കാള്‍ 1.7 ശതമാനം കുറഞ്ഞു. പ്രകൃതി വാതക ഉല്‍പ്പാദനത്തിലും 1.2 ശതമാനം ഉയര്‍ച്ചയുണ്ടായി.
മാര്‍ച്ചിലെ എട്ട് പ്രധാന മേഖലകളുടെ അന്തിമ വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി പരിഷ്‌കരിക്കാനും വാണിജ്യ മന്ത്രാലയം തയ്യാറായി. താല്‍ക്കാലിക തലമായ 4.9 ശതമാനമാണ് നേരത്തെ പുറത്തുവിട്ടിരുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവിലെ എട്ട് മേഖലകളുടെ വളര്‍ച്ചാ നിരക്ക് 13.7 ശതമാനമായിരുന്നു.