
ന്യൂഡല്‍ഹി: ലിസ്റ്റ് ചെയ്ത 2725 കമ്പനികളുടെ മൊത്തത്തിലുള്ള രണ്ടാം പാദ അറ്റാദായം കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 6.3 ശതമാനം കുറവാണ് സെപ്തംബറിലവസാനിച്ച പാദത്തില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ എട്ട് പാദങ്ങളില്‍ കമ്പനികളുടെ അറ്റാദായം വികസിക്കുകയായിരുന്നു.
അതേസമയം വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ അപേക്ഷിച്ച് കോര്‍പറേറ്റ് വരുമാനം 22.3 ശതമാനമാണ് കൂടിയത്. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 37.8 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
2022-23 രണ്ടാം പാദത്തില്‍ കമ്പനികളുടെ മൊത്തം അറ്റാദായം 2.06 ട്രില്യണ്‍ രൂപയാണ്. മുന്‍വര്‍ഷത്തില്‍ ഇത് 2.20 ലക്ഷം കോടി രൂപയായിരുന്നു. തൊട്ടുമുന്‍ പാദത്തില്‍ 2.08 ലക്ഷം കോടി രൂപം രേഖപ്പെടുത്തി.
അതേസമയം മൊത്തം കമ്പനികളുടേയും അറ്റ വില്‍പന 25.9 ശതമാനം ഉയര്‍ന്ന് 29.3 ലക്ഷം കോടി രൂപയായിട്ടുണ്ട്. കോവിഡാനന്തരം സംഭവിച്ച കോര്‍പറേറ്റ് വരുമാന ബൂമിന് ഇതോടെ അറുതിയായി. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളും വായ്പാ ചെലവുകളുമാണ് അറ്റദായം കുറക്കുന്നത്.
അതേസമയം വില്‍പന മികച്ച രീതിയില്‍ മുന്നേറുന്നു.