മുന്‍പ് പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി വരുന്ന ജൂണ്‍ ഒന്നു മുതല്‍ യുഎഇയില്‍ നടപ്പിലാക്കിത്തുടങ്ങും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ലാഭത്തിന്റെ ഒന്‍പത് ശതമാനമാണ് കോര്‍പ്പറേറ്റ് നികുതിയായി അടയ്ക്കേണ്ടി വരിക.
വര്‍ഷത്തില്‍ 3,75,000 ദിര്‍ഹമോ അതില്‍ കൂടുതലോ ലാഭം ലഭിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാണ് നിയമം ബാധകമാകുക.
ഇടത്തരം ചെറുകിട സംരംഭങ്ങളെ ഈ നിയമത്തില്‍നിന്ന് ഒഴിവാക്കാനാണ് കോര്‍പ്പറേറ്റ് നികുതിക്ക് ഗവണ്‍മെന്റ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ലാഭത്തില്‍നിന്നാണ് നികുതി അടയ്ക്കേണ്ടത്. ആകെ വിറ്റുവരവ് ഈ ഇനത്തില്‍ കണക്കാക്കില്ല.
ലോകത്തെ മിക്ക രാജ്യങ്ങളും കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ നികുതി യുഎഇയുടേതാണ്. ചില രാജ്യങ്ങള്‍ യുഎഇ നിശ്ചയിച്ചതിന്റെ ഇരട്ടിയിലധികം കോര്‍പ്പറേറ്റ് നികുതിയായി ഈടാക്കുന്നുമുണ്ട്.