
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് പാക്കിസ്ഥാന്‍. കോവിഡും മഹാപ്രളയവും തകര്‍ത്ത പാക്കിസ്ഥാന്‍ സാവധാനത്തില്‍ കരകയറുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മൂന്ന് രാജ്യങ്ങള്‍ പാക്കിസ്ഥാനിലെ ട്രഷറി ബില്ലുകളില്‍ നടത്തിയിരിക്കുന്ന നിക്ഷേപം പിന്‍വലിച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ട്രഷറി ബില്ലുകളില്‍ നിന്ന് ഏകദേശം 1 ബില്യണ്‍ ഡോളര്‍ ആണ് മൂന്ന് രാജ്യങ്ങള്‍ പിന്‍വലിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷം ജൂലൈ 1 നും മാര്‍ച്ച് 14 നും ഇടയില്‍, ട്രഷറി ബില്ലുകളിലേക്കുള്ള നിക്ഷേപം ആകെ 1.163 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം 1.121 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.
ഇതോടെ വെറും 42 മില്യണ്‍ ഡോളറിന്‍റെ അറ്റ ബാലന്‍സ് മാത്രമാണ് അവശേഷിക്കുന്നത്. പരമ്പരാഗതമായി പാകിസ്ഥാനിലെ ഏറ്റവും വലിയ ട്രഷറി ബില്‍ നിക്ഷേപകരായ യുകെ 2025 സാമ്പത്തിക വര്‍ഷത്തില്‍ 710 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചെങ്കിലും അതിലെ 625 മില്യണ്‍ ഡോളറും പിന്‍വലിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സും അമേരിക്കയും യഥാക്രമം 205 മില്യണ്‍ ഡോളറിന്‍റെയും 130 മില്യണ്‍ ഡോളറിന്‍റെയും നിക്ഷേപം പിന്‍വലിച്ചു. വിദേശ നിക്ഷേപം കൊണ്ടുവരാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അതിന്‍റെ ട്രഷറി ബില്ലുകളില്‍ ഉയര്‍ന്ന റിട്ടേണ്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.
വെല്ലുവിളി നിറഞ്ഞ പാക്ക് സാമ്പത്തിക രംഗം
വിദേശ നിക്ഷേപകര്‍ പാകിസ്ഥാന്‍റെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രത പുലര്‍ത്തുന്നതിനെത്തുടര്‍ന്നാണ് മൂന്ന് രാജ്യങ്ങളുടെ നടപടി.
രാജ്യത്തിന് ഏകദേശം 25 ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വിദേശ കടം തിരിച്ചടവ് ബാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണികളില്‍ വാണിജ്യ വായ്പകള്‍ നേടാനോ ബോണ്ടുകള്‍ വില്‍ക്കാനോ രാജ്യത്തിന് കഴിയുന്നില്ല എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം പാകിസ്ഥാന്‍റെ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും കുറഞ്ഞ വളര്‍ച്ചാ സൂചകങ്ങള്‍ തിരിച്ചടിയാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.