രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിൻ ബാംഗ്ലൂരിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏറ്റവും മന്ദഗതിയിൽ വളരുന്ന നഗരം എന്നറിയപ്പെടുന്ന ബാഗ്ലൂരിൽ തന്നെയാണ് ഈ വളർച്ചക്ക് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
സെപ്റ്റംബർ 5 ന് രണ്ട് അതിവേഗ ചെയർ-കാർ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ക്ഷണിച്ചു.
സ്റ്റെയിൻലെസ് സ്റ്റീൽ കാർബോഡി ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 280 കിലോമീറ്റർ വേഗതയും പ്രവർത്തന വേഗത മണിക്കൂറിൽ 250 കിലോമീറ്ററുമാണ്. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആയിരുന്നു.
ബെംഗളൂരുവിലെ ബിഇഎംഎല്ലിന്റെ പ്ലാന്റിലാണ് ട്രെയിനുകൾ നിർമ്മിക്കുക. “എട്ട് ബോഗികളുള്ള രണ്ട് ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനുള്ള ലേലമാണ് സമർപ്പിച്ചത്, ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡറിന് അന്തിമരൂപം നൽകും.
രണ്ട് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള ചെറിയ ഓർഡറായതിനാൽ മറ്റ് റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കൾ ഇതിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെട്ടില്ല. 2.5 വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കണെമെന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം ആരംഭിക്കുന്നത്.” ചെന്നൈ ഐസിഎഫ് ജനറൽ മാനേജർ യു സുബ്ബ റാവു പറഞ്ഞു.
ബിഇഎംഎൽ-മേധ സെർവോ ഡ്രൈവ് പറഞ്ഞ ആകെ തുക ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഒരു ട്രെയിൻ നിർമ്മിക്കുന്നതിന് ഏകദേശം 200 മുതൽ 250 കോടി രൂപ വരെയാകാം. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വികസിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) ഏരിയയിലാണ് ഈ ട്രെയിനുകൾ പ്രവർത്തിക്കുക.
1.1 ലക്ഷം കോടി എസ്റ്റിമേറ്റ് തുകക്ക് 508 കിലോമീറ്റർ ദൈർഘ്യമുള്ള എംഎഎച്ച്എസ്ആർ മഹാരാഷ്ട്ര, മുംബൈ, ഗുജറാത്ത്, അഹമ്മദാബാദ് തുടങ്ങി 12 സ്റ്റേഷനുകളിലൂടെ ബന്ധിപ്പിക്കും.
ഈ പദ്ധതി നിലവിൽ വരുന്നതിനു മുന്നേ തുടക്കത്തിൽ ജാപ്പനീസ് ഷിങ്കാൻസെൻ ഇ 5 ട്രെയിനുകൾ ഇവിടെ പ്രവർത്തിക്കാനായിരുന്നു തീരുമാനം. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിവുള്ള ജാപ്പനീസ് ഷിങ്കാൻസെൻ ഇ 5 ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ പ്രവർത്തന വേഗതയിലും ശരാശരി 250 കിലോമീറ്റർ വേഗതയിലും ഇവിടെ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
പക്ഷേ ജാപ്പനീസ് കമ്പനികൾ ഇതിനായി ആവശ്യപ്പെട്ട തുക വളരെ വലുതായിരുന്നു. അതിനാൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം രാജ്യത്ത് അതിവേഗ ട്രെയിനുകൾ വികസിപ്പിക്കാമെന്ന് പദ്ധതിയിട്ടു.
ബിഇഎംഎല്ലിന്റെ കാർബോഡി നിർമ്മാണ വൈദഗ്ധ്യവും മേധയുടെ പ്രൊപ്പൽഷൻ സിസ്റ്റം കഴിവുകളും ഉപയോഗിച്ച് യൂറോപ്യൻ മാതൃകയിൽ തന്നെ ഇന്തയിൽ അതിവേഗ ട്രെയിൻ നിർമ്മിക്കാൻ കഴിയും.
മേധയുടെ തെളിയിക്കപ്പെട്ട പ്രൊപ്പൽഷൻ സംവിധാനത്തിലൂടെ രാജ്യത്ത് വിജയകരമായി മുന്നേറ്റം നടത്തുന്ന അതിവേഗ ട്രെയിനാണ് വന്ദേഭാരത്. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിലാണ് വന്ദേഭാരത് ഓടുന്നത്.
മണിക്കൂറിൽ 250 കിലോമീറ്റർ വേഗത ലഭിക്കുന്ന ഒരു പ്രൊപ്പൽഷൻ സംവിധാനം മേധ വികസിപ്പിക്കും. ഒപ്പം അത്തരം വേഗതയെ പ്രതിരോധിക്കാൻ ബിഇഎംഎൽ കാർബോഡി സ്ട്രക്ചർ വികസിപ്പിക്കും.
ഈ പദ്ധതിക്കായി ഒരു യൂറോപ്യൻ ഡിസൈൻ കൺസൾട്ടന്റിനെ നിയമിക്കുമെന്ന് ബിഇഎംഎൽ-മേധ ടീം പ്രതീക്ഷിക്കുന്നു. 2026 ഡിസംബർ മാസത്തോടെ ആദ്യ ട്രെയിൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയും മണിക്കൂറിൽ 250 കിലോമീറ്റർ ഓപറേഷണൽ സ്പീഡുമുള്ള ട്രെയിൻ സൂറത്ത്-ബിലിമോറ സെക്ഷനിലെ എം.എ.എച്ച്.എസ്.ആർ ലൈനിലൂടെയാണ് ട്രയൽ നടത്തുക.
3+2 സീറ്റുകളുള്ള ഏഴ് കാറുകളും 2+2 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് കാറും ഈ ട്രെയിനിൽ ഉണ്ടാകും. ഏകദേശം 174 സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കും. ഭാവിയിൽ യാത്രക്കാരുടെ ആവശ്യ പ്രകാരം 12 അല്ലെങ്കിൽ 16 കാറുകളായി നീട്ടിക്കൊണ്ട് കൂടുതൽ കാറുകൾ ചേർക്കാൻ കഴിയും.
തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ കയറ്റുമതി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ഗേജ് ട്രാക്കുകൾക്കായി ട്രെയിനുകൾ നിർമ്മിക്കും. ഹൈദരബാദിൽ നിന്നും മേധ പ്രൊപ്പൽഷൻ സംവിധാനം നിർമ്മിക്കുകയും ട്രെയിൻ കൺട്രോൾ ആൻഡ് മാനേജ്മെന്റ് സിസ്റ്റം (ടിസിഎംഎസ്) സോഫ്റ്റ്വെയർ വികസിപ്പിക്കുകയും ചെയ്യും.
ബെംഗളൂരു ഫാക്ടറിയിൽ നിന്ന് അവസാന ഘട്ട കാര്യങ്ങൾ ബിഇഎംഎൽ കൈകാര്യം ചെയ്യും. ട്രയലുകൾ വിജയകരമായാൽ, മുംബൈ-അഹമ്മദാബാദ് റൂട്ടിനും വരാനിരിക്കുന്ന മറ്റ് അതിവേഗ റെയിൽ പാതകളായ ഡൽഹി-വാരണാസി, മുംബൈ-ഹൈദരാബാദ്, ബെംഗളൂരു-ചെന്നൈ എന്നിവയ്ക്കും അധിക ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ട്.