മുംബൈ: സംയുക്ത സംരംഭക കമ്പനി രൂപീകരിക്കാനൊരുങ്ങി സിപിസിഎൽ. ഈ നിർദിഷ്ട നിർദ്ദേശത്തിന് ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ (സിപിസിഎൽ) ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് കാവേരി ബേസിനിൽ 31,580 കോടി രൂപ ചെലവിൽ 9 എംഎംടിപിഎ റിഫൈനറി പദ്ധതി നടപ്പാക്കുന്നതിനാണ് കമ്പനി സംയുക്ത സംരംഭം രൂപീകരിക്കുന്നത്.
പുതിയ റിഫൈനറിയിൽ സിപിസിഎൽ 25 ശതമാനം ഓഹരി കൈവശം വെയ്ക്കുമ്പോൾ ഇന്ത്യൻ ഓയിലും മറ്റ് ഇക്വിറ്റി നിക്ഷേപകരായ ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവ ശേഷിക്കുന്ന ഓഹരി കൈവശം വെക്കും. കൂടാതെ സംയുക്ത സംരംഭത്തിൽ 2,570 കോടി രൂപ വരെയുള്ള ഇക്വിറ്റി നിക്ഷേപത്തിനും കമ്പനിക്ക് സിപിസിഎൽ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
9 എംഎംടിപിഎ ശേഷിയുള്ള പുതിയ ഗ്രാസ് റൂട്ട് റിഫൈനറിയാണ് സിപിസിഎൽ നാഗപട്ടണത്ത് സ്ഥാപിക്കുന്നത്. ഏകദേശം 1,300 ഏക്കർ സ്ഥലത്താണ് ഇത് സ്ഥാപിക്കുന്നത്. 31,580 കോടി രൂപയാണ് പദ്ധതിക്കായി വേണ്ടിവരുന്ന ചെലവ്. ബിൽഡ് ഓൺ ആൻഡ് ഓപ്പറേഷൻ (BOO) അടിസ്ഥാനത്തിൽ മറ്റ് പങ്കാളികളിൽ നിന്ന് ഏകദേശം 4,000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലേക്ക് ഒഴുകും.
എല്ലാ കൺസൾട്ടന്റുമാരെയും അണിനിരത്തി വിശദമായ എഞ്ചിനീയറിംഗ്, ടെൻഡറിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, 2025 ജൂണിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നൈ പെട്രോളിയം കോർപ്പറേഷൻ അതിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.