
റിയാദ്: ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനെതിരെ ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ (സിപിഎ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാം ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമാണെന്നും വാണിജ്യ ആവശ്യങ്ങൾക്കായി കണക്കാക്കുന്നില്ലെന്നും സിപിഎ പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വ്യക്തിഗത അക്കൗണ്ടുകളാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വഞ്ചനയോ കാലതാമസമോ സംബന്ധിച്ച് വിവിധ പരാതികളും റിപ്പോർട്ടുകളും ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിലെ ഒട്ടുമിക്ക അക്കൗണ്ടുകളും വ്യക്തിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത് വ്യാപാര നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പെടാത്തതിനാൽ പണം വീണ്ടെടുക്കാൻ പ്രയാസമാണ്.
ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടുകൾ വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയ ഇ-കൊമേഴ്‌സ് ആവശ്യകതകൾ പാലിക്കുന്നില്ലെന്നും അതിൽ ഏറ്റവും ശ്രദ്ധേയമായത് ഇ-പേയ്‌മെന്റിന്റെ അഭാവം, വാണിജ്യ റജിസ്ട്രി, ടാക്സ് നമ്പർ എന്നിവ പ്രദർശിപ്പിക്കാത്തതുമാണ്. മാത്രമല്ല, എക്സ്ചേഞ്ച്, റീഫണ്ട് പ്രവർത്തനങ്ങൾക്ക് വ്യക്തമായ രേഖാമൂലമുള്ള നയം ഇല്ലെന്നതാണെന്നും സിപിഎ വ്യക്തമാക്കി.
വസ്ത്രങ്ങൾ, അഭായകൾ, ഇ-ഗെയിമുകൾ, റീചാർജ് കാർഡുകൾ, ഇന്റർനെറ്റ് തുടങ്ങിയവ വാങ്ങുമ്പോഴും റീചാർജ് ചെയ്യുമ്പോഴുമാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. പരാതികളും ഇക്കാര്യങ്ങളിൽ തന്നെ.