
ഹെൽസിങ്കി: യുക്രെയ്നുമായി യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽനിന്ന് 205 ബില്യണ്‍ യൂറോയുടെ ഫോസിൽ ഇന്ധന ഇറക്കുമതി നടത്തിയെന്ന് യൂറോപ്യൻ സംഘടന.
ദി സെന്റർ ഫോർ റിസർച്ച് ഓണ്‍ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ)യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഫെബ്രുവരി 24നാണ് റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്.
യുദ്ധത്തിന്റെ തുടക്കം മുതൽ, ഫോസിൽ ഇന്ധന കയറ്റുമതിയിൽ നിന്ന് റഷ്യ 835 ബില്യണ്‍ യൂറോ വരുമാനം നേടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
235 ബില്യണ്‍ യൂറോ ചെലവഴിച്ച ചൈനയാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനം വാങ്ങിയത്. ഓയിലിനായി 170 ബില്യണ്‍ യൂറോയും കൽക്കരിക്കായി 34.3 ബില്യണ്‍ യൂറോയും ഗ്യാസിനായി 30.5 ബില്യണ്‍ യൂറോയുമാണ് ചൈന ചെലവാക്കിയത്.
സിആർഇഎയുടെ കണക്കനുസരിച്ച്, യുദ്ധത്തിന്റെ തുടക്കം മുതൽ 2025 മാർച്ച് രണ്ടു വരെ ഇന്ത്യ റഷ്യയിൽ നിന്ന് 205.84 ബില്യണ്‍ യൂറോയുടെ ഫോസിൽ ഇന്ധനങ്ങൾ വാങ്ങി. ഇതിൽ അസംസ്കൃത എണ്ണ വാങ്ങുന്നതിനായി 112.5 ബില്യണ്‍ യൂറോയും (ഏകദേശം 1.5 ലക്ഷം കോടി രൂപ) കൽക്കരിക്ക് 13.25 ബില്യണ്‍ യൂറോയും ഉൾപ്പെടുന്നു.
ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിർവഹിക്കുന്നത്. 2022-23 (ഏപ്രിൽ 2022-മാർച്ച് 2023) കാലയളവിൽ 232.7 ബില്യണ്‍ ഡോളറിന്റെയും 2023-24ൽ 234.3 ബില്യണ്‍ ഡോളറിന്റെയും ക്രൂഡ് ആണ് ഇറക്കുമതി ചെയ്തത്. നടപ്പു സാമ്പത്തികവർഷത്തിൽ ഇതിനായി 195.2 ബില്യണ്‍ ഡോളർ ചെലവാക്കി.
ഫോസിൽ ഇന്ധനങ്ങൾക്കായി ഇന്ത്യ പരമ്പരാഗതമായി പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് യുഎസും ചില യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരേ ഉപരോധങ്ങളും വാങ്ങലുകളും ഒഴിവാക്കി. ഇതേത്തുടർന്ന് അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാൾ വലിയ വിലക്കുറവിൽ റഷ്യൻ ഓയിലുകൾ ലഭ്യമായി.
ഈ വിലക്കുറവാണ് റഷ്യയിൽനിന്ന് വൻതോതിൽ ഓയിൽ ഇറക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. കുറച്ചു വർഷങ്ങൾ കൊണ്ടാണ് റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഒരു ശതമാനത്തിൽ താഴെനിന്ന് 40 ശതമാനമായി ഉയർന്നത്.