![](https://www.livenewage.com/wp-content/uploads/2022/07/rbi71.jpg)
ന്യൂഡല്‍ഹി: ജനുവരി 27ന് അവസാനിച്ച രണ്ടാഴ്ചയില്‍ ഭക്ഷ്യേതര വായ്പ 16.73% വളര്‍ന്നു. ഈ കാലയളവില്‍ ബാങ്കിംഗ് മേഖലയുടെ മൊത്തം വായ്പാ കുടിശ്ശിക 133 ട്രില്യണ്‍ രൂപയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനുവരി 13ന് അവസാനിച്ച രണ്ടാഴ്ചയില്‍ ബാങ്ക് വായ്പാ വളര്‍ച്ച 16.93 ശതമാനമായിരുന്നു. സിമന്റ്, സ്റ്റീല്‍, ഖനനം, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള ധനസഹായമാണ് ഭക്ഷ്യേതര വായ്പ വളരാന്‍ ഇടയാക്കിയത്, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. സ്വകാര്യ മേഖലയില്‍ അധിക ശേഷി സൃഷ്ടിക്കപ്പെടുന്നതിന്റെ സൂചനകളുണ്ടെന്നും വാണിജ്യ മേഖലയിലേക്കുള്ള വിഭവങ്ങളുടെ ഒഴുക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായി മെച്ചപ്പെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘ടേം ലോണ്‍ ലഭ്യതക്കുറവ് പരിഹരിക്കപ്പെട്ടു. ഇതോടെ പ്രവര്‍ത്തന മൂലധനം മെച്ചപ്പെടും,” എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖരയും പ്രതികരിച്ചു. ദീര്‍ഘനാളത്തെ വരള്‍ച്ചയ്ക്ക് ശേഷം നിക്ഷേപം കൂടുന്നതിനും ജനുവരി 27 ന് അവസാനിച്ച ആഴ്ച സാക്ഷിയായി. രണ്ടാഴ്ചയ്ക്കിടെ നിക്ഷേപത്തില്‍ 10.5 ശതമാനത്തിന്റെ വാര്‍ഷികവളര്‍ച്ചയാണുണ്ടായത്.
അതേസമയം നിക്ഷേപ വളര്‍ച്ച ഇപ്പോഴും വായ്പ വളര്‍ച്ചയേക്കാള്‍ വളരെ കുറവാണ്. ജനുവരി 27 വരെയുള്ള കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം നിക്ഷേപ അടിത്തറ 177.2 ട്രില്യണ്‍ രൂപ.