
മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ബാങ്ക് വായ്പാ വളർച്ച ഇടിഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
റിസ്ക് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വിമുഖത കാണിക്കുന്നതാണ് വായ്പാ വളര്‍ച്ചയെ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍.
റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂണിൽ ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പ 13.2 ശതമാനവും (കഴിഞ്ഞ വർഷം 47.8 ശതമാനം) സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ 13 ശതമാനവും (ഒരു വർഷം മുമ്പ് 29.2 ശതമാനം) വർദ്ധിച്ചു.
ഇടത്തരം വ്യവസായങ്ങളില്‍ നിന്ന് തിരിച്ചടവ് ബാക്കിയുള്ള മൊത്തം ബാങ്ക് വായ്പ കഴിഞ്ഞ വർഷം ജൂണിലെ 2,32,776 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2023 ജൂൺ അവസാനത്തോടെ 2,63,440 കോടി രൂപയിലേക്ക് എത്തി.
സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളുടെ കാര്യത്തിൽ, ജൂണിൽ 6,25,625 കോടി രൂപയുടെ വായ്പയാണ് തിരിച്ചടവ് ബാക്കിയുള്ളത്, 2022-ലെ ജൂണ്‍ അവസാനത്തില്‍ ഇത് 5,53,675 കോടി രൂപയായിരുന്നു.
മെയ് മാസത്തിൽ ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പ 18.9 ശതമാനവും (കഴിഞ്ഞ വർഷം 42.9 ശതമാനം) സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ 9.5 ശതമാനവും (ഒരു വർഷം മുമ്പ് 32.7 ശതമാനം) വർദ്ധിച്ചു.
ഏപ്രിലില്‍, ഇടത്തരം വ്യവസായങ്ങളുടെ വായ്പാ വളർച്ച കഴിഞ്ഞ വർഷത്തെ 53.7 ശതമാനത്തിൽ നിന്ന് 19.1 ശതമാനമായി കുറഞ്ഞു. സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വളർച്ച 2023 ഏപ്രിലിൽ 9.7 ശതമാനമായിരുന്നു, മുൻവർഷം ഏപ്രിലില്‍ 29.8 ശതമാനമായിരുന്നു.
2018 ഡിസംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച എംഎസ്എംഇ വിദഗ്ധ സമിതി, ഈ മേഖലയിലെ മൊത്തത്തിലുള്ള വായ്പാ വിടവ് 20 മുതൽ 25 ലക്ഷം കോടി രൂപ വരെ ആണെന്നാണ് കണക്കാക്കുന്നത്.