
ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യോട് ആവശ്യപ്പെട്ടിരിക്കയാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍. വായ്പ തിരിച്ചടവ് മുടങ്ങുന്നത്, മറ്റ് വായ്പകളുടെ റേറ്റിംഗിനെ എങ്ങിനെ ബാധിക്കുമെന്നാണ് ഏജന്‍സികള്‍ക്കറിയേണ്ടത്. കടങ്ങള്‍ റേറ്റ് ചെയ്യുന്ന വിധത്തെ സംബന്ധിച്ച് ആര്‍ബിഐയ്ക്കും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
അതുകൊണ്ടുകൂടിയാണ് ഇക്കാര്യത്തില്‍ ഏജന്‍സികള്‍ വ്യക്തത ആവശ്യപ്പെടുന്നത്. കോര്‍പ്പറേറ്റ് വായ്പയെടുത്തയാള്‍ തിരിച്ചടവില്‍ ഒരു ദിവസത്തെ കാലതാമസം വരുത്തുകയോ അല്ലെങ്കില്‍ തിരിച്ചടവില്‍ ഒരു രൂപ പിഴവ് വരുത്തുകയോ ചെയ്താല്‍ ടേം ലോണിന്റെ ‘ഡിഫോള്‍ട്ട് ഗ്രേഡ്’ അതാഴുന്നു. ഇതോടെ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറിന്റെ (എന്‍സിഡി) റേറ്റിംഗ് സ്വയമേവ ‘സി’ ലേക്ക് ഇടിയും. ( ഉയര്‍ന്ന അപകടസാധ്യതയെ സൂചിപ്പിക്കുന്നതാണ് സി റേറ്റിംഗ്).
എന്‍സിഡിയിലേയ്ക്കുള്ള അടവ് മുടങ്ങിയില്ലെങ്കില്‍ പോലും വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ എന്‍സിഡിയുടെ റേറ്റിംഗ് താഴുന്നതാണ് പ്രവണത. ക്യാഷ് ക്രെഡിറ്റിലോ പ്രവര്‍ത്തന മൂലധന വായ്പകളിലോ വീഴ്ച വന്നാലും അക്കൗണ്ട് 30 ദിവസത്തേക്ക് ക്രമരഹിതമായി തുടര്‍ന്നാലും എന്‍സിഡി റേറ്റിംഗിന്റെ തരംതാഴ്ത്തല്‍ നടക്കുന്നുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കോര്‍പ്പറേറ്റ് ഡെബറ്റ് സെക്യൂരിറ്റികള്‍ സെബിയുടെ കീഴില്‍ വരുമ്പോള്‍ ബാങ്ക് വായ്പകള്‍ ആര്‍ബിഐയാണ് നിയന്ത്രിക്കുന്നത്.
ഒരേ കമ്പനിയുടെ രണ്ട് തരത്തിലുള്ള കടങ്ങള്‍ക്ക് വ്യത്യസ്ത റേറ്റിംഗുകള്‍ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നു. രണ്ട് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍മാരും ക്രെഡിറ്റ് റേറ്റിംഗ് തത്വങ്ങളില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടാഴ്ച മുമ്പ് സെബി സെക്യൂരിറ്റികളുടെ റേറ്റിംഗ് സംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
ഡെബ്റ്റ് സെക്യൂരിറ്റികള്‍ റേറ്റുചെയ്യുമ്പോള്‍ സെബി പുറത്തിറക്കിയ മാനദണ്ഡങ്ങളും ബാങ്ക് വായ്പകള്‍ റേറ്റുചെയ്യുമ്പോള്‍ ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങളുമാണ് പാലിക്കുന്നത് എന്നിരിക്കെ ഒന്ന് മറ്റൊന്നില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആശയക്കുഴപ്പം നില്‍ക്കുകയാണ്.