
ന്യൂഡൽഹി: ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു.
വായ്‌പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ.
മുൻകാല തിരിച്ചടവിലെ കൃത്യതയുമായി ബന്ധപ്പെട്ട സ്കോറാണിത്.
മാസ്റ്റർ സർക്കുലർ അനുസരിച്ച് മൊബൈൽ നമ്പർ/ ഇമെയിൽ നൽകി റജിസ്റ്റർ ചെയ്തവരുടെ ക്രെഡിറ്റ് റിപ്പോർട്ട് ബാങ്കുകൾ പോലെയുള്ള സ്ഥാപനങ്ങൾ പരിശോധിച്ചെങ്കിൽ അക്കാര്യം ഉപയോക്താവിനെ എസ്എംഎസ്, മെയിൽ വഴി അറിയിക്കണം.
ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടായാൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സർക്കുലറിലുണ്ട്.