സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്ക ഉയര്ന്നതിനെ തുടര്ന്ന് ആഗോള ബാങ്കിങ് ഭീമനായ ക്രെഡിറ്റ് സ്വിസ് പ്രതിസന്ധിയില്. ബാങ്കിന്റെ ഓഹരി വില ബുധനാഴ്ച 31 ശതമാനമാണ് ഇടിവ് നേരിട്ടത്.
പണലഭ്യത വര്ധിപ്പിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്ത്താനും സ്വിസ് കേന്ദ്ര ബാങ്കില് നിന്ന് 54 ബില്യണ് ഡോളര് വായ്പയെടുത്തതോടെ വ്യാഴാഴ്ച ഓഹരി വില 40ശതമാനത്തോളം കുതിക്കുകയും ചെയ്തു.
ആഗോള തലത്തില് ധനകാര്യ വിപണികളിലെ കനത്ത വില്പന സമ്മര്ദത്തെ ചെറുക്കാന് ബാങ്കിന്റെ പ്രഖ്യാപനം ഉപകരിച്ചു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം അടിയന്തര സാഹചര്യത്തില് സാമ്പത്തിക സഹായം സ്വീകരിക്കുന്ന ആദ്യത്തെ ആഗോള ബാങ്കായി ക്രെഡിറ്റ് സ്വിസ്.
പണപ്പെരുപ്പത്തെ നേരിടാന് കുത്തനെ നിരക്കുയര്ത്തുന്ന കേന്ദ്ര ബാങ്കുകളുടെ നീക്കം തിരിച്ചടിയാകുമോയെന്ന ആശങ്ക ഇതോടെ ബാങ്കിങ് മേഖലയില് വ്യാപിച്ചു.
ഇന്ത്യയില് സാന്നിധ്യമുള്ള വിദേശ ബാങ്കുകളില് 12-ാം സ്ഥാനമാണ് ക്രെഡിറ്റ് സ്വിസിനുള്ളത്. 20,700 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ 0.1ശതമാനം മാത്രമാണിതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയെ ബാധിക്കില്ലെന്നുമാണ് വിലയിരുത്തല്.
ക്രെഡിറ്റ് സ്വിസിന് ഇന്ത്യയില്(മുംബൈ) ഒരു ശാഖമാത്രമെയുള്ളൂ. ബാങ്കിന്റെ 70ശതമാനം നിക്ഷേപവും ഹ്രസ്വകാല സര്ക്കാര് കടപ്പത്രങ്ങളിലുമാണ്. നിഷ്കൃയ ആസ്തികളുമില്ല. അതേസമയം, രാജ്യത്തെ ഡറിവേറ്റീവ് വിപണിയില് സാന്നിധ്യവുമുണ്ട്.
ആസ്തിയില് 60 ശതമാനവും വായ്പയായി നേടിയതുമാണ്. ജെഫ്രീസിന്റെ കണ്ടെത്തല് പ്രകാരം രണ്ടു മാസംവരെ കാലയളവുള്ളവയാണ് 96ശതമാനം വായ്പയും.
പരസ്പര ബന്ധിതമായതിനാല് പ്രതിസന്ധി മറ്റ് ബാങ്കുകളിലേയ്ക്കും വ്യാപിച്ചേക്കുമെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. ഇന്ത്യയിലെ വിദേശ ബാങ്കുകളില് ഏറ്റവും വലുത് എച്ച്എസ്ബിസിയാണ്.
2.47 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ബാങ്ക് ഇന്ത്യയില് കൈകാര്യം ചെയ്യുന്നത്.