ന്യൂഡല്‍ഹി: കേന്ദ്രബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ കടമെടുക്കുകയാണ് ക്രെഡിറ്റ് സ്യൂസ്. ഇതുവഴി പണലഭ്യത ഉറപ്പുവരുത്താമെന്ന് പ്രതിസന്ധിലായ സ്വസ് ബാങ്ക് കരുതുന്നു. കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് പ്രധാന നിക്ഷേപകര്‍ പറഞ്ഞതോടെയാണ് ക്രെഡിറ്റ് സ്യൂസ് പ്രശ്‌നങ്ങള്‍ നേരിട്ടത്.
തുടര്‍ന്ന് ഓഹരികള്‍ കൂപ്പുകുത്തി. യുഎസ് ബാങ്കുകള്‍, സിലിക്കണ്‍വാലി, സിഗ്നേച്ചര്‍ തകര്‍ച്ച ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് യൂറോപ്പിലേയ്ക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. നിക്ഷേപകര്‍ സ്വര്‍ണ്ണം, ബോണ്ട്, ഡോളറിലേയ്ക്ക് തിരിഞ്ഞതോടെ ഇക്വിറ്റി വിപണികള്‍ തകര്‍ച്ച നേരിട്ടു.
വാള്‍സ്ട്രീറ്റിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ സൂചികള്‍ ഇടിഞ്ഞു. അസ്ഥിരമാണെങ്കിലും പ്രസ്താവനയെ തുടര്‍ന്ന് യൂറോപ്യന്‍ വിപണി നഷ്ടങ്ങള്‍ കുറച്ചിട്ടുണ്ട്. സ്വിസ് നാഷണല്‍ ബാങ്കില്‍ നിന്ന് 50 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (54 ബില്യണ്‍ ഡോളര്‍) വരെ വായ്പയെടുക്കുമെന്ന് ക്രെഡിറ്റ് സ്യൂസ് വ്യാഴാഴ്ച അറിയിക്കുകയായിരുന്നു.
സ്വിസ് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായ ഫിന്‍മയും രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കും നിക്ഷേപകരുടെ ഭയം ശമിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആവശ്യമെങ്കില്‍ ക്രെഡിറ്റ് സ്യൂസിന് പണം ലഭ്യമാക്കുമെന്ന് ഇവര്‍ അറിയിക്കുന്നു. 2008 ലെ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായാണ് യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ ഒരു ബാങ്കിലേയ്ക്ക് പണം ഒഴുക്കുന്നത്.
ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച ഒറ്റപ്പെട്ടതാണെന്നും അത് മറ്റ് ബാങ്കുകളിലേയ്ക്ക് പടരില്ലെന്നും അതേസമയം ഫിന്‍മ അറിയിച്ചിട്ടുണ്ട്.