ആഗോള വിപണിയില്‍ എണ്ണ മുകളിലേയ്ക്കു തന്നെ. കഴിഞ്ഞ മൂന്നാഴ്ചയായി എണ്ണ അടിസ്ഥാനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിച്ചതു കഴിഞ്ഞ ആഴ്ചകളില്‍ എണ്ണവില കൂടാന്‍ കാരണമായി.
അതേസമയം യുഎസിലെ സാമ്പത്തിക ഡാറ്റകള്‍ വില തണുപ്പിച്ചേക്കാമെന്നു വിദഗ്ധര്‍ വിശ്വസിക്കുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.41 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.54 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അസംസ്‌കൃത എണ്ണവില അതിന്റെ മുന്നേറ്റം തുടരുകയും, മൂന്നാമത്തെ പ്രതിവാര നേട്ടം കൈവരിക്കുകയും ചെയ്തതോടെ എല്ലാ കണ്ണുകളും യുഎസ് പണപ്പെരുപ്പ ഡാറ്റയിലാണ്.
ഇസ്രായേലിനും, ലെബനനുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, മെയ് മാസത്തിലെ യുഎസില്‍ നിന്നുള്ള മന്ദഗതിയിലുള്ള സാമ്പത്തിക ഡാറ്റയെ മറികടന്നത് എണ്ണവില വര്‍ധിക്കാന്‍ വഴിവച്ചു.
നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മണിക്കൂറുകളില്‍ ബ്രെന്റ് ക്രൂഡ് വില വീണ്ടും 87 ഡോളര്‍ കൈവരിച്ചിരുന്നു. ജൂണ്‍ രണ്ടിന് നടന്ന ഒപെക്ക് പ്ലസ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിപണികള്‍ തെറ്റായി വിലയിരുത്തയതാണ് എണ്ണവിലയിലെ ഇടിവിനു വഴിവച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാര്യങ്ങള്‍ വ്യക്തമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ എണ്ണവില 9 ശതമാനത്തോളം തിരിച്ചുകയറിയിരുന്നു.
ഹ്രസ്വകാലത്ത് എണ്ണയുടെ ആവശ്യകത ഉയര്‍ന്നിരിക്കുമെന്ന വിലയിരുത്തലിലാണ് ഒപെക്ക് പ്ലസ് നാലാം പാദം മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിലയിരുത്തലുകള്‍ പ്രതീക്ഷിച്ച നിലയില്‍ നീങ്ങിയില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കുമെന്നും വ്യക്തമാണ്. അധികം വൈകാതെ ആഗോള എണ്ണവില വീണ്ടും 90 ഡോളറിലേയ്ക്കു നീങ്ങിയേക്കുമെന്നാണു സൂചന. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു ശുഭമല്ല.
ഡോളറിനെതിരേ രൂപ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമയമാണിത്. ഇത് പ്രാദേശിക എണ്ണക്കമ്പനികളുടെ ക്രൂഡ് വാങ്ങല്‍ ചെലവേറിയതാക്കുന്നു. ആഗോള ക്രൂഡ് വില ഇനിയും ഉയര്‍ന്നാല്‍ പ്രാദേശിക ഇന്ധനവില കൂട്ടാതെ തരമില്ല.
എന്നാല്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന സമയമാണിത്. പലിശ നിരക്കുകളിലെ ഇളവിനായുള്ള മുറവിളിയും ശക്തമാണ്.
ഈ സമയത്ത് ഇന്ധനവില വര്‍ധിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടേക്കും. പക്ഷെ ആഗോള എണ്ണവില ഉയര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താതെ എണ്ണക്കമ്പനികള്‍ക്കു പിടിച്ചുനില്‍ക്കാനും സാധിക്കില്ല. വിഷയത്തില്‍ കേന്ദ്രം തന്നെ ഇടപെടേണ്ടി വരും.