
കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ മാറ്റമില്ലാതായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ ഏപ്രിൽ ആറിനു ശേഷം എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറയ്ക്കാതെ ലാഭമെടുക്കുകയും ചെയ്തു.
മേയ് 22ന് കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചപ്പോഴാണ് അവസാനമായി രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വന്നത്. വില ദിവസവും പുതുക്കുന്ന രീതി ആരംഭിച്ച 2017നു ശേഷം ആദ്യമായാണ് ഇത്രയും നാൾ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.
എന്നാൽ സംസ്ഥാന സർക്കാർ രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തിയതോടെ കേരളത്തിൽ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഇപ്പോൾ കേരളം.
വിലയിടിവ് പ്രതിരോധിക്കാൻ എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തോടെ ക്രൂഡ് വില വീണ്ടും ഉയരുകയാണ്. ശരാശരി 70–75 ഡോളറിൽ ഒരുമാസമായി നിന്നിരുന്ന വില ഇപ്പോൾ 84 ഡോളറിനു മുകളിലെത്തി. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയാനുള്ള സാധ്യത മങ്ങി.
ക്രൂഡ് വില കൂടിയെങ്കിലും ഉടനെയൊന്നും ഇന്ധന വില വർധനയ്ക്കും കേന്ദ്രസർക്കാർ അനുമതി നൽകിയേക്കില്ല. പണപ്പെരുപ്പ നിരക്കിനെ ബാധിക്കുമെന്നതും കർണാടകയിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നതുമാണ് കാരണം.
ഇതോടെ എണ്ണക്കമ്പനികളുടെ ലാഭത്തിൽ കുറവുണ്ടാകും. അങ്ങനെ വന്നാൽ ഭാവിയിൽ ക്രൂഡ് വില കുറഞ്ഞാലും എണ്ണ ക്കമ്പനികൾക്കുവേണ്ടി ഇന്ധന വില കുറയ്ക്കാതെയുള്ള സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക.
റഷ്യ–യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് വില 110 ഡോളറിനും മുകളിലെത്തിയപ്പോൾ 2022 മാർച്ച് 22 മുതൽ ഏപ്രിൽ 6 വരെയുള്ള 16 ദിവസം കൊണ്ട് പെട്രോൾ ലീറ്ററിന് 10.89 രൂപയും ഡീസലിന് 10.53 രൂപയും വർധിപ്പിച്ചിരുന്നു.
ഇതോടെ കേന്ദ്രം ഇടപെട്ട് നിരക്കു വർധന താൽക്കാലികമായി നിർത്തി. മേയ് 22ന് പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം എക്സൈസ് നികുതി കുറച്ചു.
അതിനുശേഷം ക്രൂഡ് വില 70 ഡോളർ വരെ താഴ്ന്നെങ്കിലും വില കുറയ്ക്കാൻ കേന്ദ്രം ഇടപെട്ടില്ല.