
ടോക്കിയോ: യൂറോപ്പിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി റഷ്യ പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. പ്രകൃതിവാതക വിതരണം വെട്ടിച്ചുരുക്കിയ നടപടി ഇതാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു.
ബ്രെന്റ് അവധി വില 45 സെന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 105.60 ഡോളറിലെത്തി. തിങ്കളാഴ്ച സൂചിക 1.9 ശതമാനം ഉയര്‍ന്നിരുന്നു. അതേസമയം യു.എസ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് ഡിമാന്റ് കുറക്കുമെന്ന ഭീതി എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ക്കുണ്ട്.
യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 34 സെന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് 97.04 ഡോളറിലാണുള്ളത്. തിങ്കളാഴ്ച സൂചിക 2.1 ശതമാനമാണ് ഉയര്‍ന്നത്. നോര്‍ഡ് സ്ട്രീം 1 പൈപ്പ്‌ലൈന്‍ വഴി ജര്‍മ്മനിയിലേക്കുള്ള വിതരണം 20% കുറയ്ക്കുമെന്ന്
ഗാസ്‌പ്രോം തിങ്കളാഴ്ച അറിയിച്ചു.
റഷ്യ വിതരണം കുറച്ചതോടെ ശീതകാല ഡിമാന്‍ഡ് നിവര്‍ത്തിക്കാനുള്ള പ്രകൃതിവാതകം രാജ്യങ്ങള്‍ക്ക് ലഭ്യമാകില്ല. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മ്മനി വ്യവസായങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാതകത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഇത്.