ആഗോള വിപണിയിൽ എണ്ണയ്ക്കു കരുത്തുപകർന്ന് വിദഗ്ധർ. നിലവിലെ സാഹചര്യത്തിൽ ക്രൂഡ് വില ഉടൻ ബാരലിന് 90 ഡോളർ പിന്നിടുമെന്നാണ് പ്രവചനം. ആഗോള തലത്തിൽ ഉയർന്നുവരുന്ന എണ്ണ ഡിമാൻഡും വില വർധന വിലയിരുത്തലുകളെ സാധൂകരിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം ആഗോള എണ്ണവില വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 83.59 ഡോളർ തൊട്ടിരുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 82.86 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.11 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
കൊവിഡിനു ശേഷം ആഗോള എണ്ണ ഡിമാൻഡ് വർധിക്കുന്ന സ്ഥിതിവിശേഷമാണ് ആഗോളതലത്തിൽ ദൃശ്യമാകുന്നത്. അതേസമയം പണപ്പെരുപ്പം വീണ്ടും നേരിയ പ്രതിരോധം തീർക്കുന്നു. എറ്റവും പുതിയ പണപ്പെരുപ്പ റിപ്പോർട്ട് വിദഗ്ധരുടെ പ്രവചനങ്ങളേക്കാൾ അൽപം കൂടുതലാണ്.
ഇതാണ് എണ്ണവിലയിലെ കുതിപ്പിനെ തടഞ്ഞിരിക്കുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ, ചെങ്കടൽ പ്രതിസന്ധി, യുദ്ധങ്ങൾ, ഒപെക് ഉൽപ്പാദന നിയന്ത്രണം എന്നിവ എണ്ണയെ മുകളിലേയ്ക്കു നീങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ ആറു ട്രേഡിംഗ് സെഷനുകളിൽ അഞ്ചിലും ബ്രെന്റ് ക്രൂഡ് മുകളിലേയ്ക്കു നീങ്ങിയെന്നതും ട്രെൻഡ് വ്യക്തമാക്കുന്നു. നിലവിലെ പണപ്പെരുപ്പ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യുഎസ് ഫെഡിന്റെ നിരക്കു കുറയ്ക്കൽ പ്രഖ്യാപനം വൈകാനാണ് സാധ്യത.
നിരക്ക് മുകളിൽ തുടരുന്നത് യുഎസ് ട്രഷറി വരുമാനവും, ഡോളർ മൂല്യവും വർധിക്കാൻ വഴിവയ്ക്കും. അതേസമയം ഡോളർ മൂല്യം വർധിക്കുന്നത് എണ്ണയെ തളർത്താം. കാരണം രാജ്യങ്ങളുടെ വാങ്ങൽ ചെലവ് വർധിക്കും.
നിലവിലെ എണ്ണവിപണി അടിസ്ഥാനങ്ങൾ കണക്കിലെടുക്കുമ്പോൾ ബാരൽ വില 90 ഡോളറെങ്കിലും കടക്കേണ്ടതാണെന്നു വിദഗ്ധർ വ്യക്തമാക്കുന്നു. വിപണികളിൽ തുടരുന്ന സമ്മർദം മാത്രമാണ് വില കുതിപ്പിനെ പ്രതിരോധിക്കുന്നത്.
അടിസ്ഥാനം ശക്തമാണെന്നിരിക്കെ വില താഴെ തുടരുന്നതിന് ഒരുപരിധിയുണ്ടെന്നു വിദഗ്ധർ വ്യക്തമാക്കുന്നു. അധികം വൈകാതെ എണ്ണവില 90 ഡോളർ പിന്നിടാം. അങ്ങനെയെങ്കിൽ പ്രാദേശിക വിപണികളിൽ ഇന്ധനവില അടുത്തൊന്നും കുറയില്ല.
ബാരൽ വില 80 ഡോളറിന് അരികെ തുടർന്നിട്ടുപോലും ഡീസൽ ലിറ്ററിന് മൂന്നു രൂപയോളം നഷ്ടം വരുന്നുവെന്ന് അടുത്തിടെ എണ്ണക്കമ്പനികൾ വ്യക്തമാക്കിയിരുന്നു.
പെട്രോൾ ലിറ്ററിന് 3- 4 രൂപ മാത്രമാണ് ലാഭമെന്നും അവർ പ്രതികരിച്ചിരുന്നു. ആഗോള വില 90 ഡോളറിലേയ്ക്കു നീങ്ങിയാൽ ഇവിടെയും വലിയ അന്തരങ്ങൾ ഉണ്ടാകും. ഇത് ഇളവുകൾ വീണ്ടും അകലാൻ കാരണമാകും.