
കൊച്ചി: ബാങ്കിന്റെ ഇടക്കാല തലവവനായ പ്രലേ മൊണ്ടലിന്റെ കാലാവധി നീട്ടാൻ ഓഹരി ഉടമകളുടെ അനുമതി തേടാൻ ഒരുങ്ങി ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്‌സ് പ്രമോട്ടുചെയ്യുന്ന സിഎസ്‌ബി ബാങ്ക്. കനേഡിയൻ ശതകോടീശ്വരനായ പ്രേം വാട്‌സയുടെ കമ്പനിയാണ് ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്‌സ്.
ഒരു സ്ഥിര നിയമനം നടക്കുന്നത് വരെ പ്രലേ മൊണ്ടലിന്റെ കാലാവധി നീട്ടാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. 2022 സെപ്റ്റംബർ 27 ന് നടക്കുന്ന 101-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) മൊണ്ടലിന്റെ നിയമനത്തിന് സിഎസ്ബി ബാങ്ക് ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് സ്വകാര്യ മേഖലയിലെ വായ്പാ ദാതാവ് അതിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
2022 ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തേക്ക് അദ്ദേഹത്തെ ഇടക്കാല എംഡി & സിഇഒ ആയി സ്ഥാപനം നിയമിച്ചിരുന്നു. തുടർന്ന് ഈ നിയമനം ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നീട്ടി. മൊണ്ടൽ മുൻപ് തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു. ഏകദേശം 30 വർഷത്തെ ബാങ്കിംഗ് അനുഭവം ഉള്ള അദ്ദേഹം സിഎസ്ബി ബാങ്കിൽ ചേരുന്നതിന് മുമ്പ് ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സിഎസ്ബി ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ സി വി ആർ രാജേന്ദ്രൻ ആരോഗ്യപ്രശ്‌നങ്ങൾ കാരണം 2022 മാർച്ചിൽ വിരമിച്ചിരുന്നു. 2019-ൽ എഫ്‌ഐഎച്ച് മൗറീഷ്യസ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിൽ നിന്ന് (ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്‌സ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനം) 1,208 കോടി രൂപയുടെ ഇക്വിറ്റി മൂലധനം ബാങ്കിലേക്ക് കൊണ്ടുവരുന്നതിൽ രാജേന്ദ്രൻ നിർണായക പങ്ക് വഹിച്ചു.
എഫ്ഐഎച്ച് മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന് (എഫ്ഐഎച്ച്എം) സിഎസ്ബി ബാങ്കിൽ 51 ശതമാനം ഓഹരിയുണ്ട്. 2021-22ൽ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 218 കോടിയിൽ നിന്ന് 110 ശതമാനം വർധിച്ച് 459 കോടി രൂപയായി ഉയർന്നിരുന്നു.