കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമാണിത്.
കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവായ വ്യാപാര കമ്മിയിലുണ്ടായ വൻ കുറവും സേവന മേഖലയിലെ കയറ്റുമതി കുത്തനെ കൂടിയതുമാണ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാകുന്നതിന് സഹായിച്ചത്. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 3190 കോടി ഡോളറായിരുന്നു.
അവലോകന കാലയളവിൽ ഇന്ത്യയുടെ വ്യാപാര കമ്മി 6,100 കോടി ഡോളറായി താഴ്ന്നിരുന്നു. സേവന മേഖലയിലെ കയറ്റുമതിയിൽ ഇക്കാലയളവിൽ 4.2 ശതമാനം വർദ്ധനയുണ്ടായി.